തിരുവനന്തപുരം: തുടർച്ചയായി ആറ് മാസം റേഷൻ വിഹിതം കൈപ്പറ്റാത്ത
കുടുംബങ്ങളുടെ റേഷൻ കാർഡുകൾ പൂർണ്ണമായും റദ്ദാക്കാനും മരവിപ്പിക്കാനും കേന്ദ്ര സർക്കാർ നിർദ്ദേശം. അടുത്ത മാസം മുതൽ കേന്ദ്ര പദ്ധതിയായ ‘സ്മാർട്ട് പിഡിഎസ്’ (സ്കീം ഫോർ മോഡനൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം) സംസ്ഥാനത്ത് പ്രാബല്യത്തിൽ വരുന്നതോടെ ആറ് ലക്ഷത്തിലധികം റേഷൻ കാർഡുകൾ വെട്ടിമാറ്റപ്പെടാനാണ് സാധ്യത. 16 ലക്ഷത്തിലേറെ ഗുണഭോക്താക്കളെയാണ് ഈ നടപടി നേരിട്ട് ബാധിക്കുക. സംസ്ഥാനത്തെ പൊതുവിതരണ
ശൃംഖലയെ കേന്ദ്രീകൃത സെർവറുമായി ബന്ധിപ്പിച്ച് താഴെത്തട്ടിൽ വരെ കേന്ദ്രം നേരിട്ട് നിരീക്ഷിക്കുന്നതാണ് സ്മാർട്ട് പിഡിഎസ് സംവിധാനം. 2024-ലാണ് കേരളം ഈ പദ്ധതിക്കായി കേന്ദ്രവുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഒരേ വ്യക്തി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഒന്നിലധികം കാർഡുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ഈ സോഫ്റ്റ്‌വെയർ വഴി എളുപ്പത്തിൽ കണ്ടെത്താനാകും. ഉപഭോക്താക്കൾ വാങ്ങാതെ കിടക്കുന്ന റേഷൻ വിഹിതം ഉദ്യോഗസ്ഥ-മൊത്തവ്യാപാരി ഒത്തുകളിയിലൂടെ വൻതോതിൽ കരിഞ്ചന്തയിലേക്ക് ചോർത്തുന്നുവെന്ന വിവരത്തെത്തുടർന്നാണ് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം കർശന നിരീക്ഷണത്തിന് ഉത്തരവിട്ടത്
















