വടകര: കുട്ടികള്‍ക്ക് സൈബറിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കാന്‍ കേരള പോലീസിന്റെ നേതൃത്വത്തില്‍ കിഡ് ഗ്ലോവ് പദ്ധതിക്ക് കോഴിക്കോട് റൂറല്‍ ജില്ലയില്‍ തുടക്കമായി. ജില്ലാ
പോലീസ് ട്രെയിനിംഗ് സെന്ററില്‍ കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 22 വിദ്യാര്‍ഥികള്‍ക്ക് ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് സര്‍ട്ടിഫിക്കറ്റും ബാഡ്ജും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ മുനീര്‍ എരവത്ത്, അഡീഷണല്‍ എസ്പി പ്രതീപ് കുമാര്‍, സൈബര്‍ വിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയര്‍ സംബന്ധിച്ചു. സൈബര്‍ ക്യാപ്റ്റന്‍, മോഡല്‍ യുണൈറ്റഡ് നേഷന്‍, മെന്റല്‍ ഹെല്‍ത്ത് ഫസ്റ്റ് റസ്‌പോഡന്റ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് കുട്ടികളെ തെരഞ്ഞെടുത്തിരിക്കുന്നത്. അഭിമുഖം, പരീക്ഷ എന്നിവയിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. ഈ വിദ്യാര്‍ഥികളെ ഒക്ടോബര്‍ 7,8 തിയ്യതികളില്‍ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ കൊക്കൂണ്‍ 2026ന്റെ ഭാഗമായി നടത്തുന്ന കിഡ്് ഗ്ലോവ് സമ്മിറ്റില്‍ പങ്കെടുപ്പിക്കും. സംസ്ഥാനത്തെ എല്ലാ പോലീസ് ജില്ലകളില്‍ നിന്നുമായി 600ഓളം വിദ്യാര്‍ഥികളും അവരുടെ
രക്ഷിതാക്കളും പങ്കെടുക്കും. വിദ്യാര്‍ഥികളില്‍ സൈബര്‍ ബോധവല്‍ക്കരണവും സൈബര്‍ ഭീഷണികളെ നേരിടാന്‍ കരുത്തുള്ളവരുമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സൈബര്‍ ഭീഷണികള്‍, ഓണ്‍ലൈന്‍ ചൂഷണം, സൈബര്‍ അധിക്ഷേപങ്ങള്‍, വ്യാജ വാര്‍ത്തകള്‍, ഗെയിം അടിമത്തം എന്നിവ നേരിടാന്‍ കുട്ടികളെ സജ്ജരാക്കും. ഓണ്‍ലൈന്‍ ഭീഷണികള്‍ നേരിടല്‍, സ്വകാര്യത സൂക്ഷിക്കല്‍, തെറ്റായ ഉള്ളടക്കങ്ങള്‍ കണ്ടറിഞ്ഞ് ഒഴിവാക്കല്‍, സുരക്ഷാ മാര്‍ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സ്‌കൂളുകളില്‍ സൈബര്‍ പോലീസും കൗണ്‍സിലേര്‍സും പരിശീലനം തുടങ്ങി. സൈബര്‍ ഓപ്പറേഷന്‍ എസ്പി അങ്കിത്ത് അശോകനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.















