കൊച്ചി: അബ്‌കാരി കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ മാനേജിംഗ് എഡിറ്റർ
ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും തിരിച്ചടി. ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചില്ല. കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്‌ചയിലേയ്ക്ക് മാറ്റി.
കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഈ ഘട്ടത്തിൽ ആന്റോയ്ക്ക് ജാമ്യം നൽകരുതെന്നും സർക്കാരിനുവേണ്ടി ഹാജരായ ഡയറക്‌ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. നേരത്തെ തന്നെ പല കേസുകളിലും പ്രതിയാണ് ആന്റോയെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ആന്റോയുടെ കസ്റ്റഡി അപേക്ഷ നാളെ ബത്തേരി കോടതി പരിഗണിക്കുന്നുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ആന്റോയ്ക്ക്
ജാമ്യം നിഷേധിച്ചത്.
മദ്യം പിടിച്ചെടുത്ത വീട് തന്റെ ഉടമസ്ഥതയിലുള്ളതല്ലെന്ന വാദമാണ് ആന്റോ അഗസ്റ്റിന്റെ ഭാഗത്തുനിന്ന് പ്രധാനമായും ഉയർന്നത്. ഈ വാദം പരിഗണിച്ച ഹൈക്കോടതി, മദ്യം പിടിച്ചെടുത്ത വീടിന്റെ ഉടമസ്ഥാവകാശം വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാൻ സംസ്ഥാന സർക്കാരിനോടും പ്രതിഭാഗത്തോടും നിർദേശിച്ചു. വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ പരിശോധിച്ച ശേഷവും കേസിന്റെ മെറിറ്റിലേക്ക് കടന്നുമാത്രമേ ജാമ്യം അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂവെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
രാവിലെ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആന്റോയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹൈക്കോടതിയും ജാമ്യം നിരസിച്ചതിനാൽ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്ത ആന്റോ മാനന്തവാടി ജില്ലാ ജയിലിൽ തുടരും.
















