
കോട്ടയം: സോളാര്‍ കാലത്ത് ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിനും പാര്‍ട്ടിക്കും വേണ്ടി പരസ്യമായി പോരാടിയ ആളാണ് രാജ്മോഹന്‍ ഉണ്ണിത്താനെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ.
അത് മറക്കാനാകില്ല. ആ കടപ്പാട് എന്നും ഉണ്ടാകും. അന്ന് ഇടതുപക്ഷം പച്ചക്ക് വലിച്ചുകീറിയപ്പോള്‍ പോരാളിയായി മുന്നില്‍ നിന്നത് അദ്ദേഹമാണെന്നും മറ്റുള്ളവരും അവരുടെ തലത്തില്‍ പ്രതിരോധിച്ചിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘സോളാര്‍ കേസ് കാലത്ത് രാജ്മോഹന്‍ ഉണ്ണിത്താന് ഞങ്ങളുടെ കുടുംബത്തെ സഹായിച്ചു എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അദ്ദേഹം രക്തമൊലിപ്പിച്ച് വീട്ടിലേക്ക് വന്നപ്പോള്‍ ഞാനാണ് സ്വീകരിച്ചത്. ഞങ്ങളാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയത്. പലതവണ അദ്ദേഹത്തെ സിപിഎമ്മുകാര്‍ ആക്രമിച്ചു. എന്റെ പിതാവിനെ സംരക്ഷിക്കാന്‍ മണിക്കൂറുകളാണ് ചെലവഴിച്ചത്. സോളാര്‍ കാലത്ത് പാര്‍ട്ടിയെ പബ്ലിക്ക് ആയി സംരക്ഷിച്ചത് രാജ്മോഹന്‍ ഉണ്ണിത്താനും ടി സിദ്ദിഖുമാണ്. ചാനലുകളില്‍ നിന്ന് ചാനലുകളിലേക്ക് പോയി
പാര്‍ട്ടിയെ സംരക്ഷിച്ചയാള്‍ അദ്ദേഹം തന്നെയാണ്.
ഷാഫി പറമ്പിലിനെ എന്റെ പിതാവ് എന്താണോ ഏല്‍പ്പിച്ചത് അത് അദ്ദേഹം ചെയ്തുകാണും. പരസ്യമായി വന്ന് പ്രതിരോധിക്കുമ്പോഴാണ് ഏറ്റവും കൂടുതല്‍ കല്ലേറ് കിട്ടുക. അങ്ങനെ ഏറ്റവും കൂടുതല്‍ കല്ലേറ് കിട്ടി, കല്ലേറിന്റെ രക്തസാക്ഷിയായ ആളാണ് ഉണ്ണിത്താന്. ഞങ്ങള്‍ക്കുമാത്രമല്ല കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒട്ടാകെ കടപ്പാടുള്ള നേതാവാണ് ഉണ്ണിത്താന്.
ആരെയും കുറ്റപ്പെടുത്താനില്ല. ഞങ്ങളെ കല്ലെറിഞ്ഞവരോട് ഞങ്ങള്‍ക്ക് ഒരു വിഷമവും ഇല്ലാതിരിക്കുമ്പോള്‍ ഒപ്പം നിന്നവരെ പറ്റി എന്തുപറയാനാണ്. എല്ലാവരും ഒപ്പം നിന്നെന്നാണ് വിശ്വാസം. സോളാര്‍ സമയത്ത് ആരും ഇട്ടുപോയിട്ടില്ല. ഇട്ടെറിഞ്ഞ സമയം പിതാവിന് വയ്യാത്ത കാലത്താണ്. അവിടെ ചിലര്‍ തങ്ങളുടെ സ്വാര്‍ഥ താല്പര്യങ്ങള് നേടാന്‍ ശ്രമിച്ചു എന്നത് യാഥാര്‍ഥ്യമാണ്. അത് ആരായിരുന്നുവെന്ന് വരുംകാലത്ത് പുറത്തുവരും. അതിന്റെ അര്‍ഥം ഷാഫിയാണെന്നല്ല’- ചാണ്ടി ഉമ്മന്‍ പറഞ്ഞു.
















