തിരുവനന്തപുരം: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പരിപാടിക്കിടെ മുഖ്യമന്ത്രി വിഡി സതീശന് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ സത്യപ്രതിജ്ഞാ ലംഘനമെന്ന് പ്രതിപക്ഷ
നേതാവ് പിണറായി വിജയന്. മുഖ്യമന്ത്രിയുടേത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് നിയമവാഴ്ചയോടുള്ള പരസ്യമായ വെല്ലുവിളിയാണ്, സ്വന്തം അണികളെ പ്രകോപിപ്പിച്ച് പ്രതിപക്ഷത്തെ ആക്രമിക്കാനുള്ള കലാപാഹ്വാനം കൂടിയാണിതെന്നും പിണറായി വിജയന് ആരോപിച്ചു.
ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി ‘പകരം ചോദിക്കും’, ‘എണ്ണിയെണ്ണി ചോദിക്കും’ എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ നടത്തിയത് സത്യപ്രതിജ്ഞ ലംഘനത്തില്‍ കുറഞ്ഞ ഒന്നുമല്ലെന്ന് പിണറായി വിജയന് ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു. യൂത്ത് കോണ്‍ഗ്രസ് പദയാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമര്‍ശം. ‘സര്‍ക്കാരിനെ സൃഷ്ടിക്കാന്‍ കഠിനാധ്വാനം ചെയ്ത്
മര്‍ദനമേറ്റുവാങ്ങിയ ചോരപ്പുഴതാണ്ടിവന്ന അനുജന്മാരോടും അനുജത്തിമാരോടും ഞാന്‍ പറയുന്നു നിങ്ങളുടെ ചോരയില്‍ പിറന്നതാണ് ഈ സര്‍ക്കാര്‍. നിങ്ങളെ സങ്കടപ്പെടുത്തില്ല. നിങ്ങളുടെ ചോരക്ക് ഞങ്ങള്‍ പകരം ചോദിക്കും, എണ്ണിയെണ്ണി പകരം ചോദിക്കും. വിട്ടുവീഴ്ചയുണ്ടാവില്ല. അതിന്റെ പേരിലുള്ള ഗ്ലാമറൊന്നും വേണ്ട. അന്വേഷണങ്ങള്‍ നടക്കുന്നത് അതിന്റെ പേരിലാണല്ലോ, സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമുണ്ടായത് അതിന്റെ പേരിലാണ്. അവസാനം വരെ പോരാടും’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
















