
വടകര: മുനിസിപ്പല്‍ പ്രദേശത്തെ കസ്റ്റംസ്റോഡില്‍ റെയിലോരത്ത് നിന്ന് മണ്ണുമായി പോകുന്ന ടിപ്പര്‍ ലോറികളുടെ കുതിപ്പ് നാട്ടുകാരെ ഭയപ്പെടുത്തുന്നതായി പരാതി. കഷ്ടിച്ച്
ഒരു ലോറിക്കു മാത്രം പോകാന്‍ വീതിയുള്ള ഇട റോഡുകളിലൂടെയാണ് ടിപ്പറുകളുടെ നിരന്തര യാത്ര.
റോഡുകളുടെ ഇരുഭാഗങ്ങളിലുമായി നിരവധി വീടുകളുള്ള പ്രദേശമാണിത്. കുട്ടികള്‍ നടന്നും സൈക്കിളിലുമായി പോകുന്ന വഴിയില്‍ ശ്രദ്ധ തെറ്റിയാല്‍ അപകടം ഉറപ്പാണ്.
തൈക്കണ്ടി ഭാഗത്തെ റെയില്‍വെ കട്ടിംഗില്‍ നിന്നാണ് മണ്ണുമായി ലോറികള്‍ വടകര റെയില്‍വെ സ്റ്റേഷനു സമീപത്തേക്ക് പായുന്നത്. പെട്ടെന്ന് ലക്ഷ്യം പിടിക്കുന്നതിന് വേണ്ടി അമിത വേഗത്തിലാണ് ടിപ്പറുകളുടെ സഞ്ചാരം. വളവും തിരിവുമുള്ള റോഡില്‍ ഹോണ്‍ മുഴക്കാന്‍ പോലും ഡ്രൈവര്‍മാര്‍ മറക്കുന്നു. മണ്ണ് മൂടിയിട്ട് വേണം കൊണ്ടുപോകണമെന്ന നിബന്ധനയൊന്നും പല ടിപ്പറുകളും പാലിക്കുന്നുമില്ല. ഇതുകാരണം പൊടി ശല്യവും
രൂക്ഷമാണ്. റെയില്‍വെ ഡ്യൂട്ടിക്കെന്ന നോട്ടീസ് പതിച്ചുകൊണ്ട് തോന്നുംപോലെയാണ് ഇവയുടെ പോക്ക്.
റെയില്‍വെ സ്റ്റേഷനു പടിഞ്ഞാറു ഭാഗത്തെ ചതുപ്പ് നിലം നികത്തുന്നതിനു വേണ്ടിയാണ് മണ്ണ് കൊണ്ടുപോകുന്നത്. ടിപ്പര്‍ ഡ്രൈവര്‍മാരും ഇതിനു മേല്‍നോട്ടം വഹിക്കുന്നവരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് നാട്ടുകാരുടെ അഭ്യര്‍ഥന. വല്ലതും സംഭവിച്ചിട്ട് കാര്യമില്ലല്ലോ എന്ന് ഇവര്‍ ഓര്‍മിപ്പിക്കുന്നു.
















