ആയഞ്ചേരി: നാദാപുരം കുമ്മങ്കോട് ഇറങ്ങിയ പുലിയെ ഒരാഴ്ച പിന്നിട്ടിട്ടും കണ്ടെത്താനാവാതെ വന്നതോടെ പുലി അഭ്യൂഹങ്ങള്‍ വ്യാപകമാവുകയാണ്. ഏത്
വന്യജീവിയെ കണ്ടാലും പുലിയാണെന്ന ഭീതിയിലാണ് പല പ്രദേശത്തുകാരും. ആയഞ്ചേരി ഭാഗങ്ങളിലും പുലിയുണ്ടെന്ന സംശയം പ്രദേശവാസികളില്‍ ആശങ്ക സൃഷ്ടിച്ചു. ഇതേ തുടര്‍ന്ന് ആയഞ്ചേരി പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ പാലോറക്കുന്ന് പ്രദേശത്ത് വിശദമായ ഡ്രോണ്‍ പരിശോധന നടത്തി. ജനപ്രതിനിധികളും നാട്ടുകാരും ആശങ്ക അറിയിച്ചതിനെത്തുടര്‍ന്ന് എംഎല്‍എ പാറക്കല്‍ അബ്ദുല്ല ഇടപെട്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയത്. രണ്ടര കിലോമീറ്റര്‍ വിസിബിലിറ്റിയുള്ള ഡ്രോണ്‍ ആണ് ഉപയോഗിച്ചത്. പരിശോധനയില്‍ പുലിയുടെ സൂചനകളൊന്നും കിട്ടിയില്ല. ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അസ്യ, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രവി കോരപ്പാണ്ടി, വാര്‍ഡ് മെമ്പര്‍, സീനത് ആക്കായി, ഫോറസ്റ്റ് ഉദോഗസ്ഥര്‍, ആര്‍ആര്‍ടി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.















