വടകര: സുപ്രസിദ്ധമായ മാഹി സെന്റ് തെരേസാ തീര്‍ഥാടന ദേവാലയത്തിലെ തിരുനാള്‍ മഹോത്സവം ഒക്ടോബര്‍ 5 മുതല്‍ 22 വരെ ആഘോഷിക്കുമെന്ന് ബസിലിക്ക റെക്ടര്‍
ഫാ.സെബാസ്റ്റ്യന്‍ കരക്കാട്ട് വടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 22 വരെയുള്ള തിരുനാള്‍ ദിനങ്ങളില്‍ വിവിധ റീത്തുകളിലും വ്യത്യസ്ത ഭാഷകളിലുമുള്ള സാഘോഷ ദിവ്യബലികളും പ്രദക്ഷിണവും ഉണ്ടായിരിക്കും. അഞ്ചാം തിയ്യതി തിങ്കളാഴ്ച രാവിലെ 11.30ന് തിരുനാള്‍ കൊടിയേറും. തുടര്‍ന്ന് അള്‍ത്താരയിലെ രഹസ്യ അറയില്‍ സൂക്ഷിച്ച വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വികാരി പൊതു വണക്കത്തിനായി ദേവാലയത്തില്‍ പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ പ്രതിഷ്ഠിക്കുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാവും. തീര്‍ഥാടകര്‍ക്ക് തിരുസ്വരൂപത്തില്‍ പൂമാലകള്‍ അര്‍പ്പിക്കാനും മെഴുകുതിരി തെളിക്കാനും സൗകര്യമുണ്ടാകും. വൈകിട്ട് 6ന് റവ. ഫാ. ഡോ. അലോഷ്യസ് കുളങ്ങരയുടെ കാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയും നൊവേനയും. 14, 15 തിയ്യതികളിലാണ് പ്രധാന തിരുനാള്‍ ആഘോഷം. 14ന് രാവിലെ ഏഴിന് ദിവ്യബലി, 10 മണിക്ക് റവ. ഫാ. ഡെനിമോസസിന്റെ കാര്‍മിത്വത്തില്‍ ദിവ്യബലി, വൈകീട്ട് 5.30ന് കോഴിക്കോട് അതിരൂപത
വികാരി മോണ്‍. ഡോ. ജന്‍സണ്‍ പുത്തന്‍ വീട്ടിലിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയും നൊവേനയും, രാത്രി അലങ്കരിച്ച തേരില്‍ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുള്ള നഗര പ്രദക്ഷിണം. 15 ന് തിരുനാള്‍ ദിനത്തില്‍ പുലര്‍ച്ചെ ഒന്നു മുതല്‍ രാവിലെ ആറു വരെ ഭക്തരുടെ നേര്‍ച്ചയായ ശയന പ്രദക്ഷിണം, തുടര്‍ന്ന് ഏഴിന് ദിവ്യബലി, 10.30 ന് കോഴിക്കോട് അതിരൂപത മൈത്രോപൊലീത്ത മോസ്റ്റ്. റവ.ഡോ. വര്‍ഗീസ് ചക്കാലക്കലിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയും നൊവേനയും. വൈകീട്ട് മൂന്നിന് റവ. ഫാ.ഗ്രേഷ്യസ് ടോണി നെവേസിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി. അന്നു വൈകുന്നേരം അഞ്ചിന് മേരി മാത കമ്യൂണിറ്റി ഹാളില്‍ സ്‌നേഹ സംഗമം നടക്കും. വാര്‍ത്താസമ്മേളനത്തില്‍ പാരിഷ് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പോള്‍ ഷിബു, കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി മോനിഷ അനൂപ്, മീഡിയ കമ്മിറ്റി കണ്‍വീനര്‍ ജോസ് ബേസില്‍ ഡിക്രൂസ്, ജോയിന്റ് കണ്‍വീനര്‍ ഷാജു കാനത്തില്‍ എന്നിവര്‍ പങ്കെടുത്തു.















