
തിരുവനനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ പാളയത്തെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നില്‍ സംഘര്‍ഷം. യൂണിവേഴ്സിറ്റി ഹോസ്റ്റലിന്
മുന്നില്‍ വച്ച് തങ്ങളുടെ മാര്‍ച്ചിന് നേര കല്ലേറ് ഉണ്ടായെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു, മന്ത്രി ഒ.ജെ.ജനീഷ്, ഷാഫി പറമ്പില്‍ എംപി എന്നിവര്‍ നയിച്ച മാര്‍ച്ചിന് നേരെയാണ് കല്ലേറുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ ടയര്‍ കത്തിച്ച് പ്രതിഷേധിക്കുന്നതിനിടെ ഹോസ്റ്റലില്‍ നിന്ന് കൂവലുണ്ടായി. പിന്നാലെ ബിയര്‍ കുപ്പികളും കല്ലുകളും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എറിഞ്ഞെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിനുള്ളില്‍ കയറിയ പൊലീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.
പ്രകോപനം ഉണ്ടാക്കിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ഹോസ്റ്റലിലെ
വിദ്യാര്‍ഥികള്‍ ആരോപിച്ചു. പവര്‍കട്ട് സമയത്ത് ഹോസ്റ്റിലിനുള്ളില്‍ നിന്ന് മുദ്രാവാക്യം വിളിക്കുക മാത്രമാണുണ്ടായതെന്നും മാര്‍ച്ച് കടന്നുപോയപ്പോള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ബിയര്‍ കുപ്പികളും തീപ്പന്തങ്ങളും എറിയുകയായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഹോസ്റ്റലിന് പുറത്ത് യൂത്ത ്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇതിനിടെ എസ്എഫ്‌ഐയുടെ കൊടി പ്രതിഷേധക്കാര്‍ കത്തിച്ചു. പൊലീസുകാരടക്കം നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി.
















