കക്കട്ടില്‍: ലോറിക്ക് തീപിടിച്ച് കത്തിയമര്‍ന്ന പ്ലാസ്റ്റിക്ക് വസ്തുകളും ചാരവും നീക്കം ചെയ്യാന്‍
അതിരാവിലെ തന്നെ കുന്നുമ്മലിലെ ഹരിത കര്‍മ സേനാ പ്രവര്‍ത്തകര്‍ കര്‍മനിരതരായി ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. ഇവരുടെ പ്രവര്‍ത്തനം ഏവരുടേയും മതിപ്പ് പിടിച്ചുപറ്റി. ബുധനാഴ്ച
പുലര്‍ച്ചെയാണ് കക്കട്ട് ടൗണില്‍ ആക്രി സാധനങ്ങളുമായി പോകുന്ന ലോറിക്ക് തീപിടിച്ചത്. ലോറിയില്‍ നിന്ന് പൊട്ടിതെറിച്ചു വീണ വസ്തുവില്‍ നിന്ന് തീ പടര്‍ന്ന് റോഡരികിലെ കടയില്‍ താല്കാലികമായി വെച്ച പ്ലാസ്റ്റിക്കെട്ടുകള്ക്കും തീ പിടിച്ചിരുന്നു. റോഡിനിരിവശത്തുമുള്ള മരങ്ങള്‍ക്കും തീ പിടിച്ചു. കരിയും കത്തിയമര്‍ന്ന വസ്തുകളും മാറ്റുക എളുപ്പമായിരുന്നില്ല. എന്നാല്‍ രാവിലെ തന്നെ വൃത്തിയാക്കാനുള്ള ദൗത്യവുമായി ഹരിതസേനാ അംഗങ്ങളായ രാധ, നൈന, മോളി ജാനു എന്നിവര്‍ രംഗത്തെത്തി. ഏറെ പരിശ്രമിച്ചാണ് മാലിന്യം നീക്കം ചെയ്തത്. നാദാപുരം ഫയര്‍ & റസ്ക്യു ടീമിന്റെ ഇടപെടലാണ് വലിയൊരു തീപ്പിടിത്തത്തില്‍ നിന്ന് കക്കട്ട് ടൗണിനെ രക്ഷിച്ചത്. ടൗണിലെ ശൗചാലയത്തിലേക്കുള്ള വെള്ളമെത്തിക്കുന്ന പൈപ്പും കത്തിയമര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ചന്ദ്രനും ഭരണസമിതി അംഗങ്ങളും സ്ഥലത്തെത്തി.
-ഇ.ആനന്ദന്















