വടകര: ലിങ്ക് റോഡില്‍ നിന്നുള്ള സ്വകാര്യ ബസ് സര്‍വീസ് മുന്നറിയിപ്പില്ലാതെ മാറ്റിയതിനെതിരെ ബസ് തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തുവന്ന സാഹചര്യത്തില്‍ ഈ മാസം 14 വരെ
ലിങ്ക് റോഡില്‍ നിന്ന് തന്നെ സര്‍വീസ് നടത്താന്‍ തീരുമാനം. വടകര ഡിവൈഎസ്പി ബിജു വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. അതിനുള്ളില്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് ഡിവൈഎസ്പി ഉറപ്പ് നല്‍കി. ചര്‍ച്ചയില്‍ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സല്‍വ കുഞ്ഞമ്മത്, സെക്രട്ടറി എ.പി.ഹരിദാസന്‍, ട്രഷറര്‍ ജിജുകുമാര്‍ എടവലത്ത്, വൈസ് പ്രസിഡന്റ് കെ.ടി.സുഷിന്‍, എക്‌സിക്യൂട്ടീവ് അംഗം ചന്ദ്രന്‍ തുണ്ടിയില്‍, സംയുക്ത ട്രേഡ് യൂനിയന്‍ ചെയര്‍മാന്‍
എം.ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ഇന്നു രാവിലെയാണ് ലിങ്ക് റോഡിലെ ബസ് സര്‍വീസ് മുന്നറിയിപ്പില്ലാതെ പോലീസ് പഴയ സ്റ്റാന്റിലേക്ക് മാറ്റിയത്. ഗതാഗതകുരുക്കിന് പരിഹാരം കാണാതെയും പഴയ സ്റ്റാന്റില്‍ ആവശ്യമായ സൗകര്യം ഒരുക്കാതെയുമുള്ള മാറ്റം അംഗീകരിക്കില്ലെന്ന് പറഞ്ഞ് ബസ് തൊഴിലാളികള്‍ രംഗത്തുവരികയായിരുന്നു. കൊയിലാണ്ടി, പേരാമ്പ്ര, കോട്ടക്കല്‍ റൂട്ടുകളിലേക്കുള്ള ബസ് സര്‍വീസാണ് ലിങ്ക് റോഡില്‍ നിന്ന് നടത്തുന്നത്.















