ആലപ്പുഴ: സിഎംആര്‍എല്‍-എക്‌സാലോജിക് കമ്പനികള്‍ നിയമപരമായി നടത്തിയ കരാറിനെ തുടര്‍ന്നുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി ലജ്ജാകരമെന്ന്
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. തന്നെ പഴിചാരുകയാണ് അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം. തനിക്കെതിരെ നീങ്ങാനുള്ള ഒന്നും ഇഡിക്കും ഏജന്‍സിയെ അയക്കുന്നവര്‍ക്കും കിട്ടുന്നില്ല. പകവെച്ച് മാധ്യമങ്ങള്‍ അച്ചുനിരത്തിയാല്‍ തകര്‍ന്നുപോകുന്നയാളല്ല താനെന്നും പിണറായി പറഞ്ഞു. ആലപ്പുഴയില്‍ സിപിഎം മാന്നാര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മകള്‍ ടി.വീണ കംപ്യൂട്ടര്‍ മേഖലയില്‍ പണി എടുക്കുന്നയാളാണ്. കല്യാണം കഴിഞ്ഞപ്പോള്‍ ആണ് മകള്‍ ജോലി ഉപേക്ഷിച്ചത്. പിന്നീട് സ്വന്തമായി ഒരു കമ്പനി തുടങ്ങി. പല കമ്പനികള്‍ക്കും എക്‌സാലോജിക് സേവനങ്ങള്‍ നല്‍കാറുണ്ട്. അങ്ങനെ ഒരു കമ്പനിയാണ് സിഎംആര്‍എല്‍. സിഎംആര്‍എല്‍ കമ്പനിക്ക് എന്റെ മകളുടെ കമ്പനി നല്‍കിയ സേവനത്തിന് ലഭിച്ച പ്രതിഫലമാണത്. അതെങ്ങനെ രഹസ്യമാകും. സിഎംആര്‍എല്‍ കമ്പനി അത് നല്‍കുന്നത് രേഖപ്രകാരമാണ്. മകളുടെ കമ്പനി അത് സ്വീകരിക്കുന്നതും രേഖപ്രകാരമാണ്. അതുമായി ബന്ധപ്പെട്ട നികുതികളെല്ലാം കൃത്യമായി അടച്ചിട്ടുമുണ്ട്. അതില്‍ പറയുന്ന ഘട്ടത്തിലൊന്നും മുഹമ്മദ് റിയാസ് വീണയുടെ ഭര്‍ത്താവായിരുന്നിട്ടു പോലുമില്ലെന്നു പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. ഞാന്‍ ജീവിച്ച ജീവിതമെങ്ങനെയെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. അതൊരു തുറന്ന പുസ്തകമാണ്. രാഷ്ട്രീയപരമായുള്ളത് രാഷ്ട്രീയപരമായും നിയമപരമായുള്ളത് നിയമപരമായും നേരിടും’ പിണറായി വിജയന്‍ പറഞ്ഞു.















