തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയില്‍ ജനങ്ങള്‍ സഹകരിക്കണമെന്നും തനിക്ക് അത്ഭുതമൊന്നും കാണിക്കാനാകില്ലെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഉന്നതതലയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു മന്ത്രി. ഇപ്പോഴത്തെ
പ്രതിസന്ധി കേരളത്തില്‍ മാത്രമല്ല. സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ല. മഴക്കുറവാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് മഴ ഗണ്യമായി കുറയുകയും ചൂട് കൂടുകയും ചെയ്തു. അതുപോലെ വൈദ്യുതി ഉപഭോഗവും വര്‍ധിച്ചു. കേരളത്തിന് 700 മെഗാവാട്ട് വരെ കുറവുണ്ടാകും എന്ന് ഗ്രിഡ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. തുടര്‍ന്ന് ടെണ്ടറുകള്‍ ക്ഷണിച്ചിട്ടും ആവശ്യമായ വൈദ്യുതി ലഭിക്കാത്തതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 25 ശതമാനമാണ് കേരളത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ബാക്കി മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. ആവശ്യമുള്ള വൈദ്യുതി ലഭ്യമാവാത്തതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നത്. വിഷയം മനസിലാക്കി എല്ലാ ജനങ്ങളും സഹകരിക്കണം. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം സര്‍ക്കാരും കെഎസ്ഇബിയും തുടരുകയാണെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞെങ്കിലും അത് എത്രമാത്രം കൃത്യത ഉണ്ടാകുമെന്നതില്‍ മന്ത്രി സംശയം പ്രകടിപ്പിക്കുകയും ചെയ്തു.















