വടകര: ഒഎന്‍വി എന്ന കവിയും എം.ബി.ശ്രീനിവാസന്‍ എന്ന സംഗീതജ്ഞനും ഒന്നിച്ചപ്പോള്‍ അപൂര്‍വ ചാരുതയുള്ള ഗാനങ്ങള്‍ പിറന്നുവെന്നും അവ മലയാള ചലച്ചിത്ര സംഗീത ശാഖയ്ക്ക്
ലഭിച്ച അസുലഭസൗഭാഗ്യമാണെന്നും ഗായകനും ഗ്രന്ഥകാരനുമായ വി.ടി.മുരളി പറഞ്ഞു. വടകര കളിക്കളം ഹാളില്‍ നടന്ന പയസ്വിനിയുടെ പ്രതിമാസ പരിപാടിയായ അക്ഷരനിര്‍ഝരിയില്‍ ഒഎന്‍വി എംബിഎസ് : ഒരു വട്ടംകൂടി എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു സംഗീത ഗവേഷകന്‍ കൂടിയായ വി.ടി.മുരളി. ഒഎന്‍വി ശൃംഗാരാദിരസങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍ മിതത്വവും കൈയടക്കവും പാലിച്ചു. എംബി എസ്സാകട്ടെ വരികള്‍ക്ക് അന്യാദൃശമായ ദൃശ്യസാംഗത്യമേകി. ഇരുവരും പുരോഗമന പ്രസ്ഥാനങ്ങളുമായി ബന്ധമുള്ളവരായിരുന്നു. ചടങ്ങില്‍ പയസ്വിനി പ്രസിഡന്റ് എന്‍.രാധാകൃഷന്‍ അധ്യക്ഷത വഹിച്ചു. ടി.പ്രമോദ് സ്വാഗതവും കെ.പി.പ്രഭാകരന്‍ നന്ദിയും പറഞ്ഞു.















