
കോട്ടയം: പാലാ നഗരസഭയില്‍ യുഡിഎഫിന് തിരിച്ചടി. നഗരസഭാ അധ്യക്ഷ ദിയ ബിനുവിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെ
യുഡിഎഫിന് നഗരസഭ ഭരണം നഷ്ടമായി. 17 പേരാണ് അവിശ്വാസപ്രമേയത്തെ പിന്തുണച്ചത്. ദിയ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മ ഭരണത്തിനെതിരെ കോൺഗ്രസ് അംഗങ്ങളുടെ എതിർപ്പ് ഉയർന്നതോടെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചത്. ഭരണം നഷ്ടപ്പെടുത്തുന്ന തീരുമാനം എടുക്കരുതെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നെങ്കിലും അത് അനുസരിച്ചില്ല
വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും വിമതയായി വിജയിച്ച മായാ രാഹുലും അവിശ്വാസത്തെ പിന്തുണച്ചു. ലിസി കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പില്‍, രജിത പ്രകാശ് എന്നിവരാണ് വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോണ്‍ഗ്രസ്
കൗണ്‍സിലര്‍മാര്‍. നഗരസഭാ അദ്ധ്യക്ഷ ദിയാ ബിനു ഉള്‍പ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയോട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും സ്വതന്ത്ര അംഗമായ ഉപാധ്യക്ഷ മായാ രാഹുലും ഇടഞ്ഞതോടെയാണ് പാലാ നഗരസഭയില്‍ ഭരണപക്ഷത്ത് വിള്ളലുണ്ടായത്. സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായതോടെയാണ് പ്രതിപക്ഷമായ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അവിശ്വസപ്രമേയം പാസായതോടെ ദിയ ബിനു പുളിക്കക്കണ്ടത്തിന് ചെയര്‍മാന്‍ സ്ഥാനം നഷ്ടമായി. 26 അംഗ കൗണ്‍സിലില്‍ ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലായിരുന്നു പാലായില്‍ യുഡിഎഫ് ഭരണം നടത്തിയിരുന്നത്.
















