
അഴിയൂര്‍: കേരളത്തിലെ പ്രധാനപ്പെട്ട മത്സ്യബന്ധന തുറമുഖമായ ചോമ്പാല ഹാര്‍ബറിലേക്കുള്ള പാതയുടെ അലൈന്‍മെന്റില്‍ മാറ്റം വരുത്താന്‍ കഴിയാവുന്ന അവസരം
ഉണ്ടായിട്ടും ജനപ്രതിനിധികളായ എംപിയും എംഎല്‍എയും കാണിച്ച അലംഭാവമാണ് ഇന്ന് ജനങ്ങള്‍ തെരുവിലിറങ്ങേണ്ട അവസ്ഥക്ക് കാരണമെന്ന് ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് പ്രഫുല്‍കൃഷ്ണന്‍.
മീത്തലെ മുക്കാളിയില്‍ അടിപ്പാത ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന സമരക്കാരുടെ പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 28 ദിവസമായി പ്രദേശവാസികളുടെ സമരം തുടരുകയാണ്. ചോമ്പാല ഹാര്‍ബറിന്റെ വികസനത്തെ ഗൗരവമായി ബാധിക്കുന്ന
വിഷയമാണ് അടിപ്പാത നിര്‍മ്മാണത്തിലെ അനിശ്ചിത്വതം കൊണ്ട് ഉണ്ടാകുന്നത്. ഈ വിഷയം
ബന്ധപ്പെട്ട വകുപ്പ് അധികാരികളെയും നിതിന്‍ ഗഡ്ക്കരിയേയും അറിയിക്കുമെന്ന് പ്രഫുല്‍കൃഷ്ണന്‍ പറഞ്ഞു.
സമരസമിതി ചെയര്‍മാന്‍ എം. വി ജയപ്രകാശ്, കണ്‍വീനവര്‍ ആനിക്ക സുരേഷ്, ശശിധരന്‍ തോട്ടത്തില്‍, പി.കെ പ്രകാശന്‍, ബിജെപി നോര്‍ത്ത് ജില്ലാ സെക്രട്ടറിമാരായ രഖിലേഷ് അഴിയൂര്‍, പികെ പ്രീത, പഞ്ചായത്ത് പ്രസിഡന്റ് അജിത്ത് കുമാര്‍ തയ്യില്‍, ഒഞ്ചിയം മണ്ഡലം ജനറല്‍ സെക്രട്ടറി വി.പി.കെ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
















