
ന്യൂയോർക്ക്: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഇ പോരാട്ടത്തിൽ വമ്പന്മാരായ ജർമനിയെ അട്ടിമറിച്ച് ഇക്വഡോർ നോക്കൗട്ടിൽ. ന്യൂയോർക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നി
നെതിരെ രണ്ട് ഗോളുകൾക്കാണ് ഇക്വഡോർ വിജയിച്ചത്.
ജർമനിയാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. രണ്ടാം മിനിറ്റിൽ ലിറോയ് സാനെ ജർമനിയെ മുന്നിലെത്തിച്ചു. എന്നാൽ ഒമ്പതാം മിനിറ്റിൽ നിൽസൺ അൻഗുലോ ഇക്വഡോറിനെ ഒപ്പമെത്തിച്ചു. പിന്നീട് ലീഡ് നേടാൻ ഇരു ടീമുകളും ശ്രമിച്ചെങ്കിലും ആദ്യ പകുതി സമനിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിലും ഇരുഭാഗത്തുമായി മികച്ച മുന്നേറ്റങ്ങളുണ്ടായി.
77-ാം മിനിറ്റിൽ ജർമനിയെ ഞെട്ടിച്ച് കൊണ്ട് ഗോൺസാലോ പ്ലാറ്റ ഇക്വഡോറിനെ മുന്നിലെത്തിച്ചു. പിന്നീട് ഗോൾ മടക്കാൻ ജർമനി ശ്രമിച്ചെങ്കിലും നടന്നില്ല.
ഒടുവിൽ 2-1 ന് ഇക്വഡോർ മത്സരം സ്വന്തമാക്കി. വിജയത്തോടെ നാല് പോയിന്റായ ഇക്വഡോർ മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടിൽ കടന്നു. ആറ് പോയിന്റുള്ള ജർമനി ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ടിലെത്തി. ആറ് പോയിന്റ് തന്നെയുള്ള ഐവറി കോസ്റ്റ് രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിൽ കടന്നു. ഗോൾ ശരാശരിയിൽ മുന്നിലായതിനാലാണ് ജർമനി ഗ്രൂപ്പിൽ ഒന്നാമതെത്തിയത്. അവസാന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് കുറസോവയെ തകര്‍ത്താണ് ഐവറി കോസ്റ്റ് ഗ്രൂപ്പില്‍ രണ്ടാമതെത്തിയത്.
















