തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി കെ.മുരളീധരനെ വിമര്‍ശിച്ച് മുന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വിടുവായത്തം നിര്‍ത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂവെന്നു വീണ ജോര്‍ജ്
ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പിനേയും മന്ത്രിയേയും ഏറ്റവും കൂടുതല്‍ ആക്രമിച്ചയാളാണ് മുരളീധരന്‍. അന്നത്തെ വാക്കുകളൊക്കെ ഇന്ന് ബൂമറാങ് പോലെ ശക്തമായി തിരിച്ചെത്തുന്നത് കണ്ടുതുടങ്ങിയിട്ടുണ്ടെന്നും വീണ ജോര്‍ജ് കുറിപ്പില്‍ പറഞ്ഞു. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ വിഷയത്തില്‍ കെ.മുരളീധരന്‍ നിയമസഭയില്‍ നടത്തിയ പ്രതികരണത്തിലാണ് വീണാ ജോര്‍ജിന്റെ മറുപടി. 30 ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത് 87 പേരാണ്. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പിന് കഴിയുന്നില്ലെന്ന വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടിയപ്പോള്‍ ’10 വര്‍ഷത്തെ റീല്‍സും 5 വര്‍ഷത്തെ വീണമീട്ടലും ആണ് പ്രശ്‌നം’ എന്ന് കെ.മുരളീധരന്‍ പറഞ്ഞതായി കണ്ടു. സോണിയാ
ഗാന്ധിയെ മദാമ്മയെന്നും അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്നും വിളിച്ച മുരളീധരന് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് കെ.മുരളീധരന്‍ ഇടയ്ക്കിടെ ഓര്‍മിപ്പിച്ചുകൊണ്ട് ഇരിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴത്തെ ആരോഗ്യ മന്ത്രിക്ക് പ്രശ്‌നമാകാം. കാരണം അന്ന് ഏറ്റവും കൂടുതല്‍ കള്ളങ്ങള്‍ പറഞ്ഞ് അന്യായമായും നീതിരഹിതമായും ആരോഗ്യവകുപ്പിനെയും മന്ത്രിയെയും പ്രതിപക്ഷത്തു നിന്ന് ആക്രമിച്ചതിലും അധിക്ഷേപിച്ചതിലും മുന്നില്‍ നിന്ന ആളുകളില്‍ ഒരാളാണ് ഇന്നത്തെ ആരോഗ്യമന്ത്രി. അന്നത്തെ വാക്കുകളൊക്കെ ഇന്ന് ബൂമറാങ് പോലെ പറഞ്ഞവരിലേക്ക് ശക്തമായി തിരിച്ചെത്തുന്നത് നാം കണ്ടുതുടങ്ങിയിട്ടുണ്ടെന്നും മുന്‍ മന്ത്രി പറഞ്ഞു.















