
നാദാപുരം: സ്കൂള്‍ വിദ്യാര്‍ഥിനിക്കെതിരായ ലൈംഗികാതിക്രമ കേസില്‍ ഓട്ടോ
ഡ്രൈവര്‍ക്ക് 11 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ. വടകര മേപ്പയില്‍ കല്ലുനിര
പറമ്പത്ത് സജീവനെയാണ് (55) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് ദേവന്.കെ. മേനോന് ശിക്ഷിച്ചത്.
നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോവുകയും തിരിച്ചെത്തിക്കുകയും ചെയ്തിരുന്ന ഓട്ടോ ഡ്രൈവര്‍ ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് വിധി.
2022 മുതല്‍ 2024 വരെ വിവിധ കാലയളവിലായി സ്കൂളിലേക്ക്
വിദ്യാര്‍ഥിനിയെ കയറ്റിക്കൊണ്ടുപോകുന്ന അവസരത്തിലാണ് പല തവണ ലൈംഗികാതിക്രമം നടത്തിയത്.
വടകര പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് സബ് ഇന്‍സ്പെക്ടര്‍ ധന്യ കൃഷ്ണനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് ഭാഗത്തു നിന്ന് 12 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.
















