അഴിയൂര്‍: ദീര്‍ഘദൂര ട്രെയിനുകളായ യശ്വന്ത്പൂര്‍ എക്‌സ്പ്രസ്, കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ്, ഇന്റര്‍സിറ്റി എക്‌സ്പ്രസ്, ബംഗളൂരു-ചെന്നൈ മെയില്‍ എന്നിവയ്ക്ക് മാഹിയില്‍ സ്റ്റോപ്പ്
അനുവദിക്കണമെന്നാവശ്യപ്പെട്ട് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ശശിധരന്‍ തോട്ടത്തില്‍ മാഹി എംഎല്‍എ അഡ്വ. ടി.അശോക് കുമാറിന് നിവേദനം സമര്‍പ്പിച്ചു. മാഹിയിലെയും സമീപ പ്രദേശങ്ങളിലേയും ദീര്‍ഘദൂര യാത്രക്കാര്‍ മറ്റ് റെയില്‍വേ സ്റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്. ഈ ട്രെയിനുകള്‍ക്ക് മാഹിയില്‍ സ്റ്റോപ്പ് അനുവദിക്കുന്നത് വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കും വലിയ ആശ്വാസമാകും. ദൈനംദിന യാത്രക്കാരും ദീര്‍ഘദൂര യാത്രക്കാരും നേരിടുന്ന സമയനഷ്ടവും അധിക യാത്രാചെലവും കുറയ്ക്കാന്‍ സ്റ്റോപ്പുകള്‍ സഹായകരമാകുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. യാത്രക്കാരുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും വിഷയം റെയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനു നടപടികള്‍ സ്വീകരിക്കുമെന്നും അഡ്വ. ടി.അശോക് കുമാര്‍ എംഎല്‍എ അറിയിച്ചു.















