
നരിപ്പറ്റ: നരിപ്പറ്റ പഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ ഡെങ്കിപ്പനി രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളിലേക്ക് നീങ്ങാന്‍ ആരോഗ്യവകുപ്പ്.
മഴക്കാല പൂര്‍വ ശുചീകരണ പരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ സന്നദ്ധപ്രവര്‍ത്തകരുടെ സഹകരണത്തോടെ പഞ്ചായത്തിലെ പൊതുസ്ഥലങ്ങള്‍ ഇതിനകം ശുചീകരണം നടത്തിയിരുന്നു. കൊതുക് പെരുകുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കാന്‍ ഡ്രൈ ഡേ ആചരിക്കുകയും വാര്‍ഡുകള്‍ തോറും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്‌തെങ്കിലും ചില വീട്ടുകാര്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളോട് നിസംഗത പുലര്‍ത്തിയതായാണ് ആക്ഷേപം. ഈ സാഹചര്യത്തില്‍ ഡെങ്കിപ്പനി ഫലപ്രദമായി നിയന്ത്രിക്കാന്‍ കുറ്റക്കാര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തയ്യാറെടുപ്പ്. സ്ഥാപനത്തിന്റെയോ വീടിന്റെയോ പരിസരങ്ങളില്‍ കൊതുക് വളരുന്ന സാഹചര്യം
സൃഷ്ടിക്കുന്നത് 2023ലെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം പതിനായിരം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണെന്ന് ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോ.പ്രദോഷ് കുമാര്‍.എം അറിയിച്ചു. വെള്ളിയാഴ്ചകളില്‍ വിദ്യാലയങ്ങളിലും ശനിയാഴ്ചകളില്‍ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലും ഞായറാഴ്ചകളില്‍ മുഴുവന്‍ വീടുകളിലും കൊതുക് പെരുകുന്ന സാഹചര്യങ്ങള്‍ ഇല്ല എന്ന് ഉറപ്പുവരുത്താന്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രമേഷ്‌കുമാര്‍.പി അറിയിച്ചു.
തിങ്കളാഴ്ച മുതല്‍ ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ഉദ്യോഗസ്ഥര്‍ അടങ്ങിയ സ്‌ക്വാഡ് വീടുകളും സ്ഥാപനങ്ങളും പരിശോധിച്ച് പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കേരള പഞ്ചായത്ത് രാജ് ആക്ട്, പൊതുജന ആരോഗ്യ നിയമം എന്നിവ പ്രകാരം നടപടി കൈക്കൊള്ളാനാണ് തീരുമാനം.
















