
കായക്കൊടി: നാട്ടുകാരുടെ ഒത്തൊരുമയും സ്നേഹക്കരുത്തും ഒന്നിച്ചപ്പോള്‍ കരിങ്ങാട്ടുനടയില് പിറന്നത് യാത്രക്കാര്‍ക്കുള്ള സുരക്ഷിത താവളം. പ്രദേശത്തിന്റെ കാഴ്ചഭംഗി കൂടി ഒപ്പിയെടുത്ത് നാട്ടൊരുമ സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പണിതൊരുക്കിയ ‘വെയിറ്റിംഗ് ഷെഡ്’ നാടിന് സമര്‍പ്പിച്ചു.
യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് കാത്തിരിപ്പ്
കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. വെയിലും മഴയുമേല്ക്കാതെ നില്‍ക്കാനുള്ള സൗകര്യത്തിനൊപ്പം ഇരിപ്പിടം, സ്ട്രീറ്റ് ലൈറ്റ്, ക്ലോക്ക് എന്നിവയും ഇവിടെയുണ്ട്. ബസ് സമയവിവരങ്ങളും അത്യാവശ്യ ഫോണ്‍ നമ്പറുകളും ഉള്‍പ്പെടുത്തിയ വിവര ബോര്‍ഡ് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും.
ഉറിതൂക്കിമലയും കൊരണപ്പാറയും അടക്കം നിരവധി പ്രകൃതിരമണീയ ഇടങ്ങളാല്‍ സമ്പന്നമാണ് കായക്കൊടിയുടെ ഈ മലയോര മേഖല. പ്രദേശത്തിന്റെ സൗന്ദര്യവും വിനോദസഞ്ചാര സാധ്യതകളും എടുത്തുകാട്ടുന്ന ദൃശ്യങ്ങള്‍ കൂടി കാത്തിരിപ്പ് കേന്ദ്രത്തില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
വാര്‍ഡ് മെമ്പര്‍ എം.പി.സതീശന് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. ടി.പി.സുരേഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ നാട്ടൊരുമ സെക്രട്ടറി കെ.പി.ദിലീഷന് സ്വാഗതം പറഞ്ഞു. നാട്ടൊരുമ സാംസ്കാരിക കൂട്ടായ്മ ഭാരവാഹികള്‍, നാട്ടുകാര്‍, വിവിധ സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പൊതുനന്മയ്ക്കായി നാട്ടുകാര്‍ കൈകോര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രദേശത്ത് വലിയ പ്രശംസയാണ് ലഭിക്കുന്നത്.
















