
വടകര: ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 ന്റെ കാര്യക്ഷമമായ നടത്തിപ്പ് വിലയിരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം ജില്ലയിലെ വിവിധ തീരദേശ മേഖലകള്‍ സന്ദര്‍ശിച്ചു. ഭക്ഷ്യ കമ്മീഷന്
അംഗം എം. മുരുകേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വടകര താലൂക്കിലെ ചോറോട്, അഴിയൂര്‍, ഒഞ്ചിയം ഗ്രാമപഞ്ചായത്തുകളിലെ തീരദേശ മേഖലകള്‍ സന്ദര്‍ശിച്ച് ഭക്ഷ്യസുരക്ഷാ പദ്ധതികളുടെയും പൊതുവിതരണ സംവിധാനത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്. റേഷന്‍ ഗുണഭോക്താക്കളുടെ വീടുകള്‍, റേഷന്‍ കടകള്‍, അങ്കണവാടികള്‍, സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു സന്ദര്‍ശനം.
ചോറോട് പഞ്ചായത്തിലെ ആറ് റേഷന്‍ ഗുണഭോക്താക്കളുടെ വീടുകളും ഒരു റേഷന്‍ കടയും സന്ദര്‍ശിച്ചു. അഴിയൂര്‍ പഞ്ചായത്തിലെ രണ്ട് ഗുണഭോക്താക്കളുടെ വീടുകള്‍, ചോമ്പാല സൗത്ത് ബീച്ചിലെ അങ്കണവാടി, ഒഞ്ചിയം പഞ്ചായത്തിലെ അങ്കണവാടി, മാടാക്കര കണ്ണൂക്കര ഗവ. ഫിഷറീസ് എഎല്‍പി. സ്കൂള്‍ എന്നിവിടങ്ങളിലെയും പ്രവര്‍ത്തനം വിലയിരുത്തി.
പൊതുവിതരണ സംവിധാനത്തിലൂടെ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍, ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത, വിതരണത്തിന്റെ ഗുണനിലവാരം, അളവ് എന്നിവ പരിശോധിച്ചു. ഭക്ഷ്യസുരക്ഷാ പദ്ധതികളുടെ നടത്തിപ്പും വിവിധ സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങളും വിലയിരുത്തിയ കമ്മീഷന്, ഗുണഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനും വിതരണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്കി.
ജില്ലാ സപ്ലൈ ഓഫീസര്‍ (ഇന്‍ചാര്‍ജ്) പി.കെ. സുമേഷ്, വടകര തഹസില്‍ദാര്‍ കെ. ലതീഷ് കുമാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ എന്‍. ജയന്, ജില്ലാ സപ്ലൈ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് എന്‍.കെ. ശ്രീജ, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.പി. രജിഷ, സി.ഡി.പി.ഒ. കെ.വി. രജിഷ, ചോമ്പാല എഇഒ. സപ്ന ജൂലിയറ്റ്, നൂണ്മീല് ഓഫീസര്‍ കെ.എം. സിന്ധു, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാരായ ഷൈനി ബാലകൃഷ്ണന്, പി.എം. സുനിത കുമാരി, വനിതാ ശിശുവികസന വകുപ്പ് എന്‍.എം.ബി.സി. കെ. കെ.ബബിഷ, വടകര താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ കെ.പി. റിജിന്‍, ശ്രീനിവാസന് പുളിയുള്ളതില്‍ തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.
















