
കൊയിലാണ്ടി: സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരം നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങള്‍ കൂടുതല്‍ നവീകരിക്കേണ്ടതുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്. ഇതിനായി മികച്ച കെട്ടിടസൗകര്യങ്ങള്ക്കൊപ്പം ഡിജിറ്റല്‍
സംവിധാനങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
മുചുകുന്ന് നോര്‍ത്ത് യുപി സ്കൂളിന്റെ ശതാബ്ദി ആഘോഷമായ ‘ശതപൂര്‍ണിമ’യും കണ്ണന് മാസ്റ്റര്‍ സ്മാരക കെട്ടിടത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന ഗണിതശേഷിയിലും മലയാളം, ഇംഗ്ലീഷ് ഭാഷാവിജ്ഞാനത്തിലും പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പിന്തുണ നല്കി അവരെ മറ്റുള്ളവര്‍ക്കൊപ്പം
എത്തിക്കുന്നതിനായാണ് സര്‍ക്കാര്‍ ‘നവജീവനം’ (റിവൈവ്) പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും സംയുക്തമായാണ് ഇത് നടപ്പാക്കുന്നത്. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിലൂടെ ഭാവിപഠനത്തിലും കരിയറിലും അവര്‍ക്ക് ഏറെ മുന്നോട്ട് പോകാന്‍ സാധിക്കും. ഹൈസ്കൂള്‍ തലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ് എന്നിവയില്‍ പ്രായോഗിക പരിശീലനം നല്കുന്ന ‘എറൈസ്’ പദ്ധതിയും സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. ഇതിലൂടെയെല്ലാം ഓരോ വിദ്യാര്‍ഥിയും പഠനത്തിന്റെ അടിസ്ഥാനശേഷികള്‍ കൈവരിച്ചെന്ന് ഉറപ്പാക്കുകയാണ്
സര്‍ക്കാരെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ അഡ്വ. കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. 1926 നവംബര്‍ 23-ന് കണ്ണന് മാസ്റ്റര്‍ സ്ഥാപിച്ച വിദ്യാലയമാണ് മുചുകുന്ന് നോര്‍ത്ത് യുപി സ്കൂള്‍. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില കണ്ണന് മാസ്റ്ററുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി.എം. ശ്രീലത, സന്തോഷ് കുന്നുമ്മല്‍, മൂടാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സജിന പിരിശത്തില്‍, മേലടി എ.ഇ.ഒ. കെ.വി. പ്രേമചന്ദ്രന്, പന്തലായനി ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ. നാസിബ്, എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്, എസ്എസ്ജി ചെയര്‍പേഴ്സണ്‍ കെ.എം. കുഞ്ഞിക്കണാരന്‍, ലോഗോ ഡിസൈനര്‍ ഷീജ മനപ്പുറത്ത്, വാര്‍ഡ് മെമ്പര്‍മാര്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















