നാദാപുരം: വിദ്യാര്‍ഥികള്‍ കേവലം തൊഴിലന്വേഷകര്‍ മാത്രമാകാതെ സംരംഭകത്വത്തിലൂടെ തൊഴില്‍ദാതാക്കളായി മാറാന്‍ പരിശ്രമിക്കണമെന്ന് ഉന്നത
വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണ്‍. നാദാപുരം ഗവണ്മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ പ്രഥമ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബയോടെക്നോളജി, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ സാങ്കേതിക മാറ്റങ്ങള്‍ക്കനുസരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയും മാറേണ്ടതുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങള്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവരുന്നതിന്റെ ഭാഗമായി നാദാപുരം ഗവണ്മെന്റ് കോളേജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിസിനസ് എക്കണോമിക്സ് തുടങ്ങിയ പുതിയ പ്രോഗ്രാമുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി വിദേശത്തും ഇതര സംസ്ഥാനങ്ങളിലേക്കും പോകുന്ന പ്രവണത കുറയ്ക്കുന്നതിനും മറ്റിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനുമായി സമഗ്രമായ മാറ്റങ്ങള്‍ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി സ്വകാര്യ യൂണിവേഴ്സിറ്റി, വിദേശ യൂണിവേഴ്സിറ്റി ബില്ലുകള്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാദാപുരം ഗവണ്മെന്റ് കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് പൂര്‍ണ പിന്തുണയും സാമ്പത്തിക സഹായവും മന്ത്രി ഉറപ്പുനല്‍കി. കോളേജിനായി സൗജന്യമായി ഭൂമി ലഭ്യമാക്കാന്‍ പരിശ്രമിച്ച നാട്ടുകാരുടെയും
ജനപ്രതിനിധികളുടെയും ഇടപെടലുകള്‍ മാതൃകാപരമാണെന്നും അദ്ദേഹം പ്രശംസിച്ചു.
കോളേജ് ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ കെ എം അഭിജിത്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീമ വള്ളില്‍, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി, നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം.രഘുനാഥ്, വാര്‍ഡ് മെമ്പര്‍മാരായ ഉമേഷ് പെരുവങ്കര, ഒ.പി.സിന്ധു, കെ.എം.അഷ്റഫ്, കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. ലിയാഖത്ത് അലി, കോളേജ് യൂണിയന് ചെയര്മാന് വി.പി.മുഹമ്മദ് ശാമില്‍, പിടിഎ ഭാരവാഹികളായ വി.അനീഷ്, കെ.സതീശന്, പൂര്‍വ്വ വിദ്യാര്‍ഥി സംഘടന പ്രതിനിധി വി.കെ.അശ്വിന്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എസ്.ഡി ഡോ. സുദീപ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.















