കൊച്ചി: കേരള ഹൈക്കോടതിയുടെ അനുകൂല വിധി വന്നതിനെത്തുടര്‍ന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ തുടര്‍ന്നുവന്ന അനിശ്ചിതകാല നിരാഹാര
സമരം വിദ്യാര്‍ഥികള്‍ അവസാനിപ്പിച്ചു. കോടതി വിധി പുറത്തുവന്നതോടെ സമരപന്തലില്‍ വിദ്യാര്‍ഥികളുടെ ആഹ്ലാദം അലതല്ലി. ‘ജീവിതത്തില്‍ തോറ്റാലും ആര്‍എസ്എസിനോട് തോല്‍ക്കില്ല’ എന്നായിരുന്നു സസ്പെന്‍ഷനെതിരെ സമരം ചെയ്ത വിദ്യാര്‍ഥികളുടെ ആദ്യ പ്രതികരണം.
വൈസ് ചാന്‍സലറും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും തങ്ങളെ വേട്ടയാടുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ‘മാപ്പുമില്ല, ഒരു കോപ്പുമില്ല’ എന്ന തങ്ങളുടെ നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഹൈക്കോടതി വിധിയെന്നും
സമരരംഗത്തുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഞങ്ങളെ ക്യാമ്പസിന് അകത്ത് കയറ്റാനും പരീക്ഷ എഴുതാനും കോടതി അനുവദിച്ചിരിക്കുന്നു. ഞങ്ങള്‍ ഉടനെ തന്നെ പരീക്ഷ എഴുതും. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ഞങ്ങള്‍ 16 പേര് അനുഭവിച്ച കാര്യങ്ങള്‍ക്ക് അറുതി വറുതി വന്നിരിക്കുകയാണ്. ജീവിതത്തില്‍ നിന്നു തോറ്റു പോയാലും ആര്‍എസ്എസിനോട് തോല്ക്കാന് സൗകര്യമില്ല.
ജൂലൈ 22 മുതലാണ് അനിശ്ചിതകാല സമരം തുടങ്ങിയത്. അന്നു മുതല്‍ എസ്എഫ്ഐയെ ആക്രമിക്കാന്‍ കാമ്പസിലെ കെഎസ്യുവും സംഘപരിവാറും റോജി എം. ജോണും സിസ തോമസും ശ്രമിച്ചു കൊണ്ടിരിക്കുന്നു. വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു കൊണ്ടും അറസ്റ്റ് ചെയ്യിപ്പിച്ചും പരീക്ഷ എഴുതാന്‍ അനുവദിക്കാതെയും വേട്ടയാടുന്ന പ്രവണത എല്ലാവരും
കണ്ടതാണ്.
മാപ്പും ഇല്ല, കോപ്പും ഇല്ലാതെയാണ് ഞങ്ങള്‍ പരീക്ഷ എഴുതാന്‍ പോകുന്നത്. ഒരു തെറ്റും ചെയ്യാതെയാണ് 80 ഓളം ദിവസം പുറത്തു നിര്‍ത്തിയത്.
ഇത് നീതിയുടെ വിജയമാണ്. സത്യം മറനീക്കി പുറത്തു വരും. പോരാട്ടം അവസാനിക്കുന്നില്ല. ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ കാലടിയില്‍ മാര്‍ച്ച് നടത്തി ആഹ്ലാദം പ്രകടിപ്പിച്ചു.
അതേസമയം, ഹൈക്കോടതി വിധിയെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ മറുപടി. മാപ്പപേക്ഷിച്ചാല്‍ മാത്രമേ വിദ്യാര്‍ഥികളുടെ സസ്പെന്ഷന് പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ എന്ന സര്‍വകലാശാലയുടെ നിലപാട് തന്നെയായിരുന്നു മന്ത്രിയും സ്വീകരിച്ചിരുന്നത്.
















