
കോഴിക്കോട്: അറിവിലുള്ള നിക്ഷേപമാണ് ഏറ്റവും വിലയേറിയതെന്നും വിദ്യാര്‍ഥികളുടെ ഭാവിയിലേക്കുള്ള മികച്ച നിക്ഷേപമാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടത്തുന്നതെന്നും
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങളും മികച്ച പരിശീലനവും ഉറപ്പാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ‘ലേണിംഗ് എന്‍ഹാന്‍സ്മെന്റ് ആന്‍ഡ് ആക്സിലറേഷന് പ്രോഗ്രാം’ (ലീപ്പ് ) പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായ പദ്ധതികള്‍ ഏറ്റെടുത്ത് മുന്നോട്ടുപോകുന്ന ജില്ലാ
പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. മത്സരപ്പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികളെ സജ്ജരാക്കുന്നതിനും ഉന്നതപഠനത്തിനും തൊഴില്‍ മേഖലയിലും മികച്ച അവസരങ്ങള്‍ ഒരുക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിദേശത്തേക്ക് പഠനത്തിനും തൊഴിലിനുമായി പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരങ്ങള്‍ നാട്ടില്‍ത്തന്നെ ലഭ്യമാക്കാന്‍ ലീപ്പ് പദ്ധതി സഹായകരമാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
സിവില്‍ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ജയന്ത് എം.എല്‍.എ മുഖ്യാതിഥിയായി.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് ലീപ്പ് പദ്ധതി നടപ്പിലാക്കുന്നത്. സിയുഇടി, കീം, നീറ്റ്, ജെഇഇ , സിവില്‍ സര്‍വീസസ് തുടങ്ങിയ മത്സരപ്പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതിനുള്ള പ്രത്യേക പരിശീലനവും വിവിധ മേഖലകളിലെ വിദഗ്ധരുടെ സഹകരണത്തോടെ ആവശ്യമായ മാര്‍ഗനിര്‍ദേശവും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും.
















