നാദാപുരം: നാദാപുരം ഗവണ്മെന്റ് കോളജില്‍ 2027-28 അധ്യയന വര്‍ഷം മുതല്‍ എം.എസ്.സി സൈക്കോളജി കോഴ്സും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ള
തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകളും അനുവദിക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോണിന് നിവേദനം നല്കി. നിലവില്‍ നാദാപുരം ഗവ. കോളജില്‍ ബി.എസ്.സി സൈക്കോളജി കോഴ്സ് നിലവിലുണ്ടെങ്കിലും തുടര്‍പഠനത്തിനായി എം.എസ്.സി കോഴ്സ് ലഭ്യമല്ലാത്തത് വിദ്യാര്‍ഥികള്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ജില്ലയിലെ സര്‍ക്കാര്‍ കോളേജുകളില്‍ ഈ കോഴ്സ് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തുടര്‍പഠനത്തിന് മറ്റ് ജില്ലകളെയും സ്വകാര്യ സ്ഥാപനങ്ങളെയും ആശ്രയിക്കേണ്ടിവരുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരമായി നാദാപുരം ഗവ. കോളേജില്‍ പിജി കോഴ്സ് ആരംഭിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.
കൂടാതെ, മാറിവരുന്ന തൊഴില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് വിദ്യാര്‍ഥികളുടെ തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കുന്നതിനായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ള തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകളും കോളജില്‍ ആരംഭിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. എംഎസ്എഫ് നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് ഫവാസ് തുണ്ടിയില്‍, ജനറല്‍ സെക്രട്ടറി ഷുഹൈബ് ഇയ്യങ്കോട് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമര്‍പ്പിച്ചത്. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുഹമ്മദ് പേരോട്, വി.അബ്ദുല്‍ ജലീല്‍, കെ.വി.അര്‍ഷാദ്, കെ.ടി.കെ.റാഷിദ്, റാഷിക് ചങ്ങരംകുളം, അന്സിഫ് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.















