ന്യൂഡൽഹി: മാസപ്പടി കേസിൽ ഹൈക്കോടതി ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസും സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു. വിജിലൻസ് എ
ഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. എന്നാൽ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.
അതിനാൽ ഹർജി ഇന്ന് പരിഗണിക്കില്ലെന്നാണ് സൂചന. മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതി തേടിയ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി വിജയനും മുഹമ്മദ് റിയാസും സുപ്രീംകോടതിയെ സമീപിച്ചത്.
എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രതികളുടെ
വാദം കേൾക്കേണ്ടതില്ലെന്നും അതുകൊണ്ട് നിയമപരമായ അവകാശങ്ങളുടെ ലംഘനം സംഭവിക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മതിയായ തെളിവുകളുണ്ടെങ്കിൽ പ്രാഥമിക അന്വേഷണം നിർബന്ധമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമായ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു പ്രതികളുടെ വാദം. കേസിൽ എതിർകക്ഷികളല്ലാത്ത തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.
















