
കൊയിലാണ്ടി: ദേശീയ പാത നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിലെ പ്രധാന നഗരമായ കൊയിലാണ്ടിയിലേക്ക് വരാനും തിരികെ ദേശീയ പാതയിലേക്ക് പോകാനും ഇതുവരെ
വഴിയായില്ല. ബൈപ്പാസിന്റെ നിര്മാണം ഏതാണ്ട് പൂര്ത്തീയാകാറായിട്ടും ഇതിനെപ്പറ്റി ദേശീയ പാത അതോറിറ്റി ഇനിയും കണ്ണ് തുറന്നിട്ടില്ല.
ഒരു മാസം മുമ്പ് ഡ്രോണ് ഉപയോഗിച്ച് സര്വെ നടത്തി പോയെങ്കിലും ഇതിന്റെ വിവരമൊന്നും അറിയിയില്ലെന്നാണ് ഉത്തരവാദപ്പെട്ടവര് പറയുന്നത്. നിലവില് നന്തിയിലും പൊയില്ക്കാവിലുമാണ് എന്ട്രിയും എക്സിറ്റും അനുവദിച്ചത്. കൊയിലാണ്ടിയിലെ പ്രധാനപ്പെട്ടതും തിരക്കേറിയതുമായ മത്സ്യബന്ധന തുറമുഖത്തേക്ക് നിരവധി വാഹനങ്ങള് എത്താറുണ്ട്. ഇവക്കും ബാംഗ്ലൂര്, മൈസൂര് ഭാഗങ്ങളില് നിന്നും വരുന്ന ലോറികള്ക്കും
കിലോമീറ്ററുകള് സഞ്ചരിച്ച് വേണം ദേശീയ പാതയിലേക്ക് കയറാനും. കോമത്തുകരയിലെ ഇരുഭാഗത്തേയും സര്വീസ്റോഡുകളില് നിന്നു വഴി നല്കിയാല് കൊയിലാണ്ടിയുമായി ബന്ധപ്പെടാന് സാധിക്കും. ദേശീയ പാതക്കരികിലെ പ്രധാന മുനിസിപാലിറ്റിയായ കൊയിലാണ്ടിയിലേക്ക് എക്സിറ്റും എന്ട്രിയും ഇല്ല എന്നത് നാണക്കേടായിരിക്കുകയാണ്. അലൈന്മെന്റില് മാറ്റം വരുത്തി കൊയിലാണ്ടിയിലേക്ക് ദേശീയ പാത ബൈപ്പാസില് നിന്ന് എത്രയും വേഗം വഴി അനുവദിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
-സുധീര് കൊരയങ്ങാട്
















