കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ നൈപുണ്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി തലശ്ശേരി എന്‍ടിടിഎഫുമായി സഹകരിച്ച് നടപ്പിലാക്കിയ
നൈപുണ്യ വികസന കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍ നിയമന ഉത്തരവ്. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ തലശ്ശേരി എന്‍ടിടിഎഫില്‍ പഠിച്ച 10 വിദ്യാര്‍ഥികള്‍ക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ നിയമന ഉത്തരവുകള്‍ നല്‍കിയത്. കണ്‍വെന്‍ഷണല്‍ ആന്‍ഡ് സിഎന്‍സി മെഷിനിസ്റ്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് തൊഴില്‍ നിയമന ഉത്തരവുകള്‍ ലഭിച്ചത്. 10 വിദ്യാര്‍ഥികളുടെ ഭാവി കരുപിടിപ്പിക്കാന്‍ ജില്ലാ പഞ്ചായത്തിനായതില്‍ അഭിമാനമുണ്ടെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്യവേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.നവാസ് അധ്യക്ഷനായി. കോഴ്‌സിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ മുതല്‍ നിയമന ഉത്തരവില്‍ എത്തിനില്‍ക്കുന്നത് വരെയുള്ള പദ്ധതിയുടെ വിവിധ ഘട്ടങ്ങളുടെ വീഡിയോ പ്രദര്‍ശനം ചടങ്ങില്‍ നടന്നു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബല്‍ക്കീസ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബാലാമണി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കെ.സുബിന, അഡ്വക്കേറ്റ് പി.ശാരുതി, അഞ്ജിത ഷനൂപ്, കെ.മഞ്ജുള, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.കെ.മുരളി, തലശ്ശേരി എന്‍ടിടിഎഫ് വൈസ് പ്രിന്‍സിപ്പാള്‍ എ.രണ്‍ധീര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ടി.എം.മുകേഷ് സ്വാഗതമാശംസിച്ച ചടങ്ങില്‍ എന്‍ടിടിഎഫ് തലശ്ശേരി അസിസ്റ്റന്റ് മാനേജര്‍ പി.വികാസ് നന്ദി പറഞ്ഞു.















