
വടകര: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസിഎസ്) ചെയര്മാന് രമേശന് പാലേരിയുടെ നിര്യാണത്തില്‍ അനുശോചിച്ച്
കെ.കെ. രമ എംഎല്‍എ. സഹൃദയനും മനുഷ്യസ്നേഹിയുമായ സഹകാരിയെയാണ് നഷ്ടമായതെന്ന് എംഎല്‍എ അനുസ്മരിച്ചു.
ഒരു സഹകരണ തൊഴിലാളി പ്രസ്ഥാനത്തെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തൊഴിലാളിക്കൂട്ടായ്മയായി വളര്‍ത്തിയെടുക്കുന്നതില്‍ രമേശന് പാലേരിയുടെ നേതൃപാടവത്തിനും ഭാവനാപൂര്‍ണ്ണമായ ദീര്‍ഘവീക്ഷണത്തിനും ഇടപെടലുകള്‍ക്കും കഴിഞ്ഞു. കേരളത്തിന്റെ ഭൗതിക സൗകര്യങ്ങളുടെ വികാസത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പങ്ക് ആര്‍ക്കും തള്ളിക്കളയാനാവില്ല. നിര്‍മാണ
മേഖലയില്‍ മാത്രമല്ല വിദ്യാഭ്യാസരംഗത്തും ഐടി വികസനത്തിലും വന്‍കുതിപ്പ് നടത്തി.
രോഗബാധയുമായി മല്ലിടുമ്പോഴും തന്റെ കര്‍മമണ്ഡലങ്ങളില്‍ സജീവമായി തുടരാന്‍ അദ്ദേഹം കാണിച്ച മനക്കരുത്ത് ഏവര്‍ക്കും മാതൃകയാണ്. കേവലം ഒരു സഹകാരി എന്നതിലുപരി, വടകരയിലെ വികസന പ്രവര്‍ത്തനങ്ങളിലും സാംസ്കാരിക രംഗത്തും സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം മികച്ചൊരു സംഘാടകന്‍ കൂടിയായിരുന്നു. പ്രതിസന്ധി നേരിടുന്ന സാധാരണ മനുഷ്യരെ ചേര്‍ത്തുപിടിച്ച വലിയൊരു മനുഷ്യസ്നേഹിയെയാണ് വടകരയ്ക്ക് നഷ്ടമായത്-കെ.കെ.രമ അനുസ്മരിച്ചു.
















