വടകര: ലഹരിക്കേസില്‍ പിടിയിലായ അധ്യാപികമാരുടെ അക്കൗണ്ടില്‍ ലക്ഷണങ്ങള്‍ എത്തിയതായി പോലീസ് കണ്ടെത്തല്‍. കീര്‍ത്തനയുടെ അക്കൗണ്ടില്‍ ഒരു മാസത്തിനിടെ
പതിനാല് ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടില്‍ അഞ്ചുമാസം കൊണ്ട് ഒന്‍പത് ലക്ഷം രൂപയുമെത്തിയതായി പോലീസ് കണ്ടെത്തി. ലഹരിവില്പന നടത്തിയതിന്റെ ഭാഗമായി എത്തിയ പണമാണ് ഇതെന്ന് പോലീസ് പറയുന്നു.
ലഹരി ഇടപാട് സംഘത്തിന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇരുവരും മൊബൈല്‍ നമ്പര്‍ നല്‍കിയതെന്നാണ് മനസിലാക്കുന്നത്. ഇവരുടെ അക്കൗണ്ടിലൂടെ നടക്കുന്ന ഓരോ ഇടപാടിനും നിശ്ചിത ശതമാനം കമ്മീഷന് ഇവര്‍ക്ക് ലഭിച്ചിരുന്നു. കീര്‍ത്തനയുടെ അക്കൗണ്ടില്‍ ഒരുപാട് പണമെത്തിയതോടെയാണ് കാവ്യയുടെ അക്കൗണ്ടിലേക്ക് പണം
കൈമാറുന്ന സാഹചര്യം ഉണ്ടായത്. അടുത്ത സുഹൃത്തുക്കളും അധ്യാപികമാരുമായ ഇവരെ പരമാവധി ഉപയോഗിക്കാന്‍ ലഹരി സംഘങ്ങള്‍ ശ്രമിക്കുകയും ചെയ്തു.
മയക്കുമരുന്ന് വാങ്ങാനെത്തുന്നവര്‍ പ്രധാനമായും കീര്‍ത്തനയുടെ അക്കൗണ്ടിലേക്കാണ് കൂടുതലായും പണം അയച്ചത്. കീര്‍ത്തനയുടെ അക്കൗണ്ടില്‍ നിന്ന് കാവ്യയിലേക്കും പണം പോയിട്ടുണ്ട്. ഇതിനു പുറമെ നേരിട്ടും കാവ്യയുടെ അക്കൗണ്ടിലേക്ക് പണം അയച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.
ക്യൂആര്‍ കോഡ് സ്കാന്‍ചെയ്താണ് പണം അയച്ചത്. പണം നല്‍കുന്നവര്‍ക്ക് എവിടെയെത്തിയാല്‍ ലഹരികിട്ടും എന്നതിനുള്ള ലൊക്കേഷനും ഇവര്‍ അയച്ചുകൊടുക്കും. ഇങ്ങനെ മികച്ച ആസൂത്രണത്തോടെയാണ് ഇവര്‍ ലഹരി ഇടപാട് നടത്തിയിരുന്നത്.
രണ്ടു ഗ്രാം എംഡിഎംഎയുമായി പിടിയിലായ വടകര ആവിക്കലിലെ സഫുവാന്‍ എന്നയാളുടെ ഫോണ്‍ രേഖകളും ബാങ്ക് അക്കൗണ്ടും പരിശോധിച്ചപ്പോഴാണ് അന്വേഷണം ഈ യുവതികളിലേക്ക് എത്തിയത്.
വലിയ കണ്ണികളാണ് ഇവര്‍ക്ക് പിന്നിലുള്ളതെന്ന് വ്യക്തമാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. വടകര സിഐ എ.വി. ദിനേശന്റെ നേതൃത്വത്തിലുള്ള പത്തംഗ ടീമിനാണ് അന്വേഷണചുമതല. വനിതാ പോലീസുദ്യോഗസ്ഥരും ജില്ല നര്‍ക്കോട്ടിക് സെല്ലിലെയും സൈബര്‍ സെല്ലിലേയും വടകര, എടച്ചേരി, പയ്യോളി സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് എസ്ഐടിക്ക് രൂപം നല്‍കിയത്. പണം അയച്ചവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാവും ആദ്യഘട്ടത്തില്‍ നടക്കുക.
















