വടകര: അധ്യാപികമാര്‍ പ്രതികളായ ലഹരിക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘം (എസ്ഐടി) രൂപവത്കരിച്ച് കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി മെറിന് ജോസഫ്. വടകര സിഐ എ.വി.ദിനേശന്റെ നേതൃത്വത്തിലുള്ള പത്തംഗ ടീമിനാണ് അന്വേഷണ
ചുമതല. വനിതാ പോലീസുദ്യോഗസ്ഥരും ജില്ലാ നര്‍ക്കോട്ടിക് സെല്ലിലെയും സൈബര്‍ സെല്ലിലേയും വടകര, എടച്ചേരി, പയ്യോളി സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് എസ്ഐടിക്ക് രൂപം നല്‍കിയത്. ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തിയ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ടി.ഉത്തംദാസ് ഈ കേസില്‍ നിരവധി പേര്‍ക്ക് പങ്കുള്ളതായി കണ്ടെത്തി ജില്ലാ പോലീസ് മേധാവിക്ക് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടിക്ക് രൂപം നല്‍കിയത്. കീര്‍ത്തന, കാവ്യ എന്നീ അധ്യാപികമാര്‍ ഉള്‍പെടെ റിമാന്റില്‍ കഴിയുന്ന മൂന്ന് പ്രതികളെയും കോടതിയുടെ അനുമതിയോടെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി എസ്ഐടി വിശദമായി ചോദ്യം ചെയ്ത് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ച മുഴുവന്‍ പേരെയും കണ്ടെത്തി ഇവര്‍ക്ക് മയക്കുമരുന്ന് കച്ചവടവുമായി ബന്ധമുണ്ടോ എന്നുള്ള കാര്യം പരിശോധിക്കും. അടുത്തകാലത്ത് കോഴിക്കോട് റൂറല്‍ പോലീസ് പരിധിയില്‍
വന്‍തോതിലുള്ള ലഹരി മരുന്ന് ഇടപാടുകള്‍ പോലീസ് പിടികൂടിയിരുന്നു. ഈ കേസുകളിലെ പ്രതികളുമായും ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിക്കും. പ്രതികളുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വിശദമായി പരിശോധിച്ച് കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരേയും അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘത്തിന് ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്കി. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി മാത്രം കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ കോഴിക്കോട് റൂറല്‍ ജില്ലയില്‍ മയക്കുമരുന്നുകള്‍ പിടികൂടിയതിന് 367 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 393 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.















