
കണ്ണൂർ: ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം.കെ. റാം പിടിയിൽ. കുടകിൽ നിന്നാണ് ഡോ. റാമിനെ പിടികൂടിയത്.
ഇയാളെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചു.
സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ് റാം ഒളിവിൽ പോയത്. ആന്ധ്രയിലെ ഗുണ്ടൂരിലും ചിറ്റൂരിലുമാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. നേരത്തെ റാമിനെ തേടി അന്വേഷണ സംഘം ചിറ്റൂരിലെത്തിയിരുന്നു. എന്നാൽ ഇയാൾ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നാലെ, കുടകിൽ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പിടിയിലാകുകയായിരുന്നു.
ഏപ്രിൽ പത്തിനാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്‌തത്.
അദ്ധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ മാനസികപീഡനമാണ് നിതിൻരാജിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ രാജ് നേരത്തേ വീട്ടുകാരെ അറിയിച്ചിരുന്നു. ഡോക്‌ടർ റാമിനെ അറസ്റ്റ് ചെയ്‌തതിൽ സന്തോഷമുണ്ടെന്നും കേസിലെ മറ്റ് പ്രതികളെക്കൂടി അറസ്റ്റ് ചെയ്‌ത് ശിക്ഷ വാങ്ങിക്കൊടുത്താൽ മാത്രമേ തന്റെ മകന് നീതി ലഭിക്കൂവെന്നും നിതിൻ രാജിന്റെ പിതാവ് പ്രതികരിച്ചു.
















