
ന്യൂജഴ്‌സി: ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍, ലോകചാമ്പ്യന്മാരായ
ബ്രസീലിനെ 2-1ന് അട്ടിമറിച്ച് നോര്‍വേ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ന്യൂയോര്‍ക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയ സൂപ്പര്‍ സ്ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ട് ആണ് നോര്‍വെയുടെ വിജയശില്പി.
ഇതോടെ മെസി, എംബാപ്പെ എന്നിവര്‍ക്കൊപ്പം ഏഴ് ഗോളുമായി ടോപ്പ് സ്‌കോറര്‍ പദവിയിലേക്ക് ഹാളണ്ടുമെത്തി.
ഇരു ടീമുകളും കടുത്ത ആക്രമണ പ്രത്യാക്രമണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ ഒന്നും പിറന്നില്ല. തുടക്കം മുതൽ ആവേശകരമായ പോരാട്ടമാണ് അരങ്ങേറിയത്. ആദ്യ മിനിറ്റുകളിൽ തന്നെ ബ്രസീൽ ബോക്‌സിലേക്ക് ഇരമ്പിയെത്തിയ നോർവേ നിര, മൂന്നാം മിനിറ്റിൽ പാട്രിക് ബെർഗിലൂടെ വലകുലുക്കിയെങ്കിലും അലക്‌സാണ്ടർ സൊർലോത്ത് ഓഫ്‌സൈഡായതിനാൽ റഫറി ഗോൾ
അനുവദിച്ചില്ല.കളിയുടെ 13-ാം മിനിറ്റില്‍ ബ്രസീലിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ബ്രൂണോ ഗ്വിമാരസിന് ഗോളാക്കി മാറ്റാന്‍ കഴിഞ്ഞതുമില്ല.
രണ്ടാം പകുതിയിലാവട്ടെ കളി മാറി മറിഞ്ഞു. ഇരു കൂട്ടരും എതിര്‍ ഗോള്‍മുഖത്തേക്ക് ഇരമ്പിയെത്തി. 57-ാം മിനിറ്റില്‍ കുന്യയ്ക്ക് പകരം എന്‍ഡ്രിക്കിനെ കോച്ച് ആഞ്ചലോട്ടി
പകരക്കാരനായി ഇറക്കി. തൊട്ടടുത്ത മിനിറ്റില്‍ തന്നെ വിനീഷ്യസ് ജൂനിയര്‍ നല്‍കിയ മികച്ചൊരു പാസിലൂടെ എന്‍ഡ്രിക്ക് ഷോട്ട് തൊടുത്തെങ്കിലും അത് പുറത്തേക്ക് പോയി. 78-ാം മിനിറ്റില്‍ ബ്രസീല്‍ പ്രതിരോധത്തെ അമ്പരിപ്പിച്ച് ഹാളണ്ട് നോര്‍വെയെ മുന്നിലെത്തിച്ചു. ആന്ദ്രെ ഷെൽഡറപ്പിന്റെ കൃത്യമായ ക്രോസിൽ ഡിഫൻഡർ ഗബ്രിയേലിനൊപ്പം ഉയർന്നുചാടിയ ഹാളണ്ടിന്റെ ഹെഡ്ഡർ അലിസണെ കീഴടക്കി ബ്രസീൽ
വലയിൽ പതിച്ചു. തുടര്‍ന്ന് 89-ാം മിനിറ്റില്‍ തന്റെ രണ്ടാമത്തെ ഗോളും നേടി ഹാളണ്ട് നോര്‍വെയുടെ വിജയം ഉറപ്പിച്ചു.
മത്സരത്തിന്റെ അധിക സമയത്ത് ബ്രസീലിന് അനുകൂലമായി ലഭിച്ച രണ്ടാമത്തെ പെനാല്‍റ്റി സൂപ്പര്‍ താരം നെയ്മര്‍ ലക്ഷ്യത്തിലെത്തിച്ചെങ്കിലും ടീമിനെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാന്‍ അതുകൊണ്ടായില്ല. ബ്രസീലിന് ആശ്വാസ ഗോള്‍ നേടാനായെന്ന് മാത്രം. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് നോർവേ ക്വാർട്ടറിൽ കടക്കുന്നത്. ഇംഗ്ലണ്ട്- മെക്സിക്കോ പ്രീക്വാർട്ടർ മത്സരത്തിലെ വിജയി ആയിരിക്കും ക്വാർട്ടറിൽ നോർവേയുടെ എതിരാളികൾ.
















