ഓര്‍ക്കാട്ടേരി: ഒപികെ ബസ് സ്റ്റോപ്പിന് സമീപം ലോന്‍ഡ്രി സ്ഥാപനവും കേക്ക് ഷോപ്പും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ മലിന ജലം കെട്ടിട ഉടമ പൊതു ഓടയിലേക്ക്
ഒഴുക്കിയതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ നടപടി. നാട്ടുകാരില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. കെട്ടിടത്തിലെ വിവിധ മുറികളില്‍ നിന്നുവരുന്ന മലിനജല ടാങ്ക് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കിയതെന്ന് ആരോഗ്യവിഭാഗം കണ്ടെത്തി. സമീപത്തെ കിണറുകള്‍ മലിനമാകാന്‍ സാധ്യതയുണ്ടെന്നുവരെ അധികൃതര്‍ കരുതുന്നു. മലിനജല ടാങ്കിനുള്ളിലൂടെയാണ് സ്ഥാപനത്തിലേക്ക് പോകുന്ന കുടിവെള്ള പൈപ്പുമുള്ളത്. പുറത്തേക്ക് ഒഴുക്കിയ മലിനജലം മുഴുവന്‍ ലൈസന്‍സ്ഡ് ടാങ്കര്‍ ഉപയോഗിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കാനാവശ്യമായ നിര്‍ദേശം ആരോഗ്യവകുപ്പ് കെട്ടിട ഉടമക്ക് നല്‍കി. മാലിന്യ സംസ്‌കരണ
സംവിധാനവുമായി ബന്ധപ്പെട്ടു കെട്ടിടത്തിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ആരോഗ്യവകുപ്പ് തടഞ്ഞതായും ഓര്‍ക്കാട്ടേരി സിഎച്ച്‌സി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുരേന്ദ്രന്‍ കല്ലേരി അറിയിച്ചു. പരിശോധനക്ക് ജെഎച്ച്‌ഐ സുബി ജോസഫ്, എപ്പിഡെമോളജിസ്റ്റ് ഡോക്ടര്‍. ജിന്‍സി എന്നിവരും പങ്കെടുത്തു. ഷിഗെല്ല, മഞ്ഞപ്പിത്തം, വയറിളക്കം പോലുള്ള മാരക രോഗങ്ങള്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ കേരള പൊതുജനാരോഗ്യ നിയമ പ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഓര്‍ക്കാട്ടേരി സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ രമിത്ത് രവീന്ദ്രന്‍ അറിയിച്ചു.















