കൊയിലാണ്ടി: സെന്‍സസ് 2027ന്റെ ഭാഗമായി വീടുകളുടെ പട്ടിക തയ്യാറാക്കലും വിവരശേഖരണവും ആരംഭിച്ചു. ജൂലൈ 30 വരെ നടക്കുന്ന ആദ്യഘട്ട സര്‍വേയിലാണ്
വീടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നത്. ആദ്യഘട്ടത്തില്‍ 34 ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചോദ്യാവലിയിലൂടെയാണ് വിവരശേഖരണം നടത്തുന്നത്. കോഴിക്കോട് ജില്ലയിലെ വിവിധ താലൂക്കുകളിലും നഗരസഭകളിലും ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളായി തിരിച്ചാണ് ഉദ്യോഗസ്ഥര്‍ സര്‍വേ നടത്തുന്നത്. വീടിന്റെ അവസ്ഥ, അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വ സംവിധാനങ്ങള്‍, ആസ്തികളും മറ്റ് സൗകര്യങ്ങളും, വിവിധ സര്‍ക്കാര്‍പൊതു സേവനങ്ങളുടെ ലഭ്യത തുടങ്ങിയ വിവരങ്ങളാണ് ഡിജിറ്റല്‍ സംവിധാനത്തിലൂടെ ശേഖരിക്കുന്നത്. സെന്‍സസ് വിവരശേഖരണം രാജ്യത്തിന്റെ വികസന ആസൂത്രണത്തിനും ക്ഷേമപദ്ധതികള്‍ രൂപവത്കരിക്കുന്നതിനും അടിസ്ഥാനമായതിനാല്‍ പൊതുജനങ്ങള്‍ കൃത്യവും സത്യസന്ധവുമായ വിവരങ്ങള്‍ നല്‍കി സെന്‍സസ് ഉദ്യോഗസ്ഥരുമായി പൂര്‍ണമായി സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.















