തിരുവള്ളൂര്‍: വടകരയിലെ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടു കോലായില്‍ വയോധികന് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ നിയമത്തിന് മുന്നില്‍
എത്തിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ തിരുവള്ളൂരില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ സാമ്പത്തിക വഞ്ചനയെ തുടര്‍ന്ന് തിരുവള്ളൂര്‍ സ്വദേശി ചിരികണ്ടോത്ത് ഇബ്രാഹിം ഹാജിയാണ് പഴങ്കാവിലെ ടി.വി.സുധീര്‍ കുമാറിന്റ വീട്ടില്‍ ആത്മഹത്യ ചെയ്തത്. തട്ടിപ്പിനിരയായ നിക്ഷേപകരുടെ പണം തിരിച്ചു നല്‍കുക, ഇബ്രാഹിം ഹാജിയുടെ നിക്ഷേപത്തുകയും പലിശയും അദ്ദേഹത്തിന്റെ കുടുംബത്തിന് ലഭ്യമാക്കുക, സാമ്പത്തിക തട്ടിപ്പിനിരയായ ഇബ്രാഹിം ഹാജിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടന്ന ബഹുജന കൂട്ടായ്മ സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.കെ.ദിവാകരന് ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ നടന്ന ബഹുജന കൂട്ടായ്മയില്‍ കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ നിക്ഷേപ തട്ടിപ്പിനിരയായ നിക്ഷേപകരും പങ്കെടുത്തു. കെ.കെ.സുരേഷ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി.രാമകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ടി.രാജന്, വിജയന് ചെറുവത്താരി, ശ്രീജിത്ത് വള്ളില്‍, സുധി കരുവാണ്ടി, പി.കെ.ശ്രീധരന്, ടി.വി.സഫീറ, കെ.കെ.ശങ്കരന്, ടി.കെ.വേണു എന്നിവര്‍ സംസാരിച്ചു. എന്‍.കെ.അഖിലേഷ് സ്വാഗതം പറഞ്ഞു.















