തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി നിയന്ത്രണം സര്‍ക്കാര്‍ കര്‍ശനമാക്കുന്നു. മദ്യം വാങ്ങാന്‍ 23 വയസ് എന്ന നിബന്ധന കര്‍ശനമാക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. കര്‍ണാടക മോഡല്‍
കേരളത്തിലും നടപ്പാക്കാനാണ് തീരുമാനം. നോ ഐഡി നോ എന്‍ട്രി എന്ന നിബന്ധനയാണ് കേരളത്തിലും നടപ്പാക്കുന്നത്. മദ്യം വാങ്ങുന്നതിനായി പ്രായം തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടി വരും. 18 വയസായിരുന്നു സംസ്ഥാനത്ത് ആദ്യം മദ്യം വാങ്ങാനുള്ള പ്രായ പരിധി. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് ഇത് 21 വയസാക്കി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇത് 23 വയസായും ഉയര്‍ത്തിയിരുന്നു. 23 വയസിന് താഴെയുള്ളവര്‍ക്ക് മദ്യം നല്‍കില്ല എന്ന ഉത്തരവ് ഇറങ്ങിയെങ്കിലും ഇത് കര്‍ശനമായി നടപ്പാക്കിയില്ലെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ‘നോ ഐഡി നോ എന്‍ട്രി’ എന്ന നിബന്ധന കേരളത്തിലും നടപ്പാക്കാന്‍ ആലോചിക്കുന്നത്.















