
അറ്റ്‌ലാന്റ: ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ സൗദി അറേബ്യയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് സ്പെയിന്‍ തങ്ങളുടെ ആദ്യ വിജയം
സ്വന്തമാക്കി. അറ്റ്‌ലാന്റയിലെ മെഴ്സിഡസ്-ബെന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തുടക്കം മുതലേ ആധിപത്യം പുലര്‍ത്തിയ യൂറോപ്യന്‍ ചാമ്പ്യന്‍മാര്‍ സൗദി പ്രതിരോധത്തെ നിലംപരിശാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.
ആദ്യ മത്സരത്തില്‍ കേപ് വെര്‍ഡെയോട് ഗോള്‍രഹിത സമനില വഴങ്ങിയതിന്റെ ക്ഷീണം തീര്‍ത്താണ് സ്പെയിന്‍ കളത്തിലിറങ്ങിയത്. മത്സരത്തിന്റെ പത്താം മിനിറ്റില്‍ തന്നെ കൗമാരതാരം ലമീന്‍ യമാല്‍ സ്പെയിനിന്റെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. മികേല്‍
ഒയാര്‍സബാല്‍ നല്‍കിയ ക്രോസ് കൃത്യമായി വലയിലെത്തിച്ച യമാല്‍ തന്റെ ലോകകപ്പ് കരിയറിലെ കന്നി ഗോള്‍ കുറിച്ചു. പിന്നീട് ഇരുപത്തിയൊന്നാം മിനിറ്റിലും ഇരുപത്തിനാലാം മിനിറ്റിലും ഗോളുകള്‍ നേടി മികേല്‍ ഒയാര്‍സബാല്‍ സ്പെയിനിന്റെ ലീഡ് മൂന്നായി ഉയര്‍ത്തി. ഇരുപത്തിയൊന്നാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍. ഡാനി ഓള്‍മോ എടുത്ത കിക്ക് സൗദി ബോക്‌സില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കി. പന്ത് സ്വീകരിച്ച എയ്മറിക് ലപോര്‍ട്ടെ നല്‍കിയ അവസരം ഒയാര്‍സബാല്‍ ഗോളാക്കി
മാറ്റി. രണ്ടാം ഗോളിന്റെ ആഘാതം മാറുന്നതിന് മുന്‍പേ ഇരുപത്തിനാലാം മിനിറ്റില്‍ ഒയാര്‍സബാല്‍ വീണ്ടും സൗദി വല ചലിപ്പിച്ചു. മാര്‍ക്ക് കുക്കുറെല്ലയുടെ പാസ് സ്വീകരിച്ച് ഡാനി ഓള്‍മോ നല്‍കിയ അവസരം ഒയാര്‍സബാല്‍ കൃത്യമായി വലയിലാക്കി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ (49ാം മിനിറ്റ്) സൗദി ഡിഫന്‍ഡര്‍ ഹസ്സന്‍ അല്‍ തംബക്തിയുടെ കാലില്‍ തട്ടി സ്വന്തം വലയിലായ പന്ത് സ്പെയിനിന്റെ സ്‌കോര്‍ പട്ടികയില്‍ നാലാമതായി ചേര്‍ക്കപ്പെട്ടു. അവസാന മിനിറ്റുകളില്‍ ഫെറാന്‍ ടോറസ് ഒരു ഗോള്‍ കൂടി നേടിയെങ്കിലും വാര്‍ പരിശോധനയ്ക്ക് ശേഷം അത് ഓഫ്സൈഡാണെന്ന്
വിധിച്ചു. സൗദി ഗോള്‍ കീപ്പര്‍ മുഹമ്മദ് അല്‍ ഒവൈസിന്റെ മികച്ച സേവുകള്‍ ഇല്ലായിരുന്നെങ്കില്‍ സ്‌കോര്‍ബോര്‍ഡ് ഇതിലും വലിയ നാണക്കേടിലേക്ക് നീങ്ങിയേനെ. മറുഭാഗത്ത്, സൗദിയുടെ ഏക ശ്രദ്ധേയമായ മുന്നേറ്റം അവസാന മിനിറ്റുകളില്‍ അബ്ദുല്ല അല്‍ ഹംദാന്‍ നടത്തിയ ഷോട്ട് മാത്രമായിരുന്നു, എന്നാല്‍ സ്പാനിഷ് ഗോളി ഉനൈ സിമോണ്‍ അത് അനായാസം കൈപ്പിടിയിലൊതുക്കി. ഈ വിജയത്തോടെ ഗ്രൂപ്പ് എച്ചില്‍ സ്പെയിന്‍ തങ്ങളുടെ നോക്കൗട്ട് സാധ്യതകള്‍ കൂടുതല്‍ സജീവമാക്കി.
















