തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച യുഡിഎഫ് സര്‍ക്കാരിന്റെ കന്നി ബജറ്റിലെ വിവാദ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ മുഖ്യമന്ത്രി വി.ഡി.സതീശന് കത്തയച്ചു. സംസ്ഥാനത്ത് മദ്യവ്യാപനത്തിനും കരിമണല്‍ ഖനനത്തിനും വഴിയൊരുക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തരമായി പിന്തിരിയണമെന്ന് സുധീരന്‍ കത്തില്‍ ആവശ്യപ്പെട്ടു. യുഡിഎഫിന്റെ പ്രഖ്യാപിത ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് തികച്ചും വിപരീതവും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ ഈ നിര്‍ദേശവുമായി ഒരു കാരണവശാലും മുന്നോട്ടുപോകരുതെന്ന് സുധീരന്‍ വ്യക്തമാക്കി. ഇതിനൊപ്പം ആലപ്പുഴ തീരദേശത്തെ ജനജീവിതത്തിന് അങ്ങേയറ്റത്തെ ആഘാതം വരുത്തിവയ്ക്കുന്ന കരിമണല്‍ ഖനനത്തിന് അവസരമൊരുക്കുന്ന ബജറ്റ് നിര്‍ദേശവും പിന്‍വലിക്കണം. കരിമണല്‍ കര്‍ത്തമാര്‍ക്ക് ആലപ്പുഴ തീരം തീറെഴുതാനുള്ള ഒരു നീക്കവും നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.















