കണ്ണൂർ: പയ്യന്നൂരിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ കഞ്ചാവുമായി ജോത്സ്യൻ അറസ്റ്റിൽ. ജ്യോതിഷാലയം നടത്തിപ്പുകാരനായ പെരികമന ഇല്ലം ഭാരവാഹി
കാങ്കോൽ വടശ്ശേരി ശ്രീനാഥ്(40) ആണ് പിടിയിലായത്.
പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ജ്യോതിഷാലയത്തിൽ നിന്നാണ് പോലീസ് കഞ്ചാവ് പിടികൂടിയത്. 5.77 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയിലെ ചുമർ അലമാരയിൽ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പയ്യന്നൂർ സബ് ഇൻസ്പെക്ടർ പി.വി. അനുശ്രീയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാൻസാഫ് സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. ജ്യോതിഷാലയത്തിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
















