
വടകര: വിവാദ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് അന്വേഷണത്തിന് എസ്‌ഐടിയെ നിയമിച്ച സര്‍ക്കാര്‍ നടപടിയെ സ്വഗതംചെയ്യുന്നതായി ഷാഫി പറമ്പില്‍ എംപി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത്
വടകരയിലെ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാനും വോട്ടര്‍മാര്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാനും സിപിഎം കേന്ദ്രങ്ങള്‍ ആസൂത്രിതമായി നിര്‍മിച്ചതാണ് കാഫിര്‍ എന്ന വ്യാജ സ്‌ക്രീന്‍ഷോട്ട്. ഈ നുണപ്രചാരണത്തിന് പിന്നിലെ യഥാര്‍ഥ ഗൂഢാലോചനക്കാരെയും അതിന്റെ ഉറവിടത്തെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാണ് പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. പാറക്കല്‍ അബ്ദുള്ള എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ നിര്‍ണായക നടപടി. വടകരയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞ വര്‍ഗീയ അജണ്ടയുടെ
പിന്നാമ്പുറ കഥകള്‍ പുറത്തുവരാന്‍ ഈ അന്വേഷണം അത്യന്തം അനിവാര്യമാണ്.
സിപിഎം കേന്ദ്രങ്ങള്‍ നടത്തിയ ഹീനമായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഉത്തരവാദിത്വം യുഡിഎഫി ന്റെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കം പാളുകയും കോടതി നിര്‍ദേശപ്രകാരം നടന്ന അന്വേഷണം ഡിവൈഎഫ്‌ഐ നേതാവില്‍ എത്തിച്ചേര്‍ന്നിട്ടും അതിനെ ഭരണസ്വാധീനം ഉപയോഗിച്ചു അട്ടിമറിക്കാനുമുള്ള ശ്രമം തിരിച്ചടി നേരിടാന്‍ പോകുകയാണ്. സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന ലളിതവും ദുര്‍ബലവുമായ വാദമുയര്‍ത്തി മുന്‍പ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പോലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും നടപടി തികച്ചും പ്രതിഷേധാര്‍ഹമായിരുന്നു. യഥാര്‍ഥ കുറ്റവാളികളെയും അവരെ നിയന്ത്രിച്ച സിപിഎം നേതാക്കളെയും സംരക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അന്വേഷണത്തെ
വഴിതിരിച്ചുവിടുകയും തടസ്സപ്പെടുത്തുകയുമാണ് ചെയ്തത് എന്ന് വ്യക്തമാണ്.
സൈബര്‍ ലോകത്തെ ഏതൊരു പോസ്റ്റിന്റെയും ഉറവിടം കണ്ടെത്താന്‍ ആധുനിക സാങ്കേതികവിദ്യകള്‍ ലഭ്യമായിരിക്കെ, പോലീസ് കാണിച്ച ഈ നിസംഗത പ്രതികളെ രക്ഷിക്കാനുള്ള രാഷ്ട്രീയ ഒത്തുകളിയുടെ ഭാഗമായിരുന്നു. വടകരയിലെ പ്രബുദ്ധരായ ജനങ്ങള്‍ ജനാധിപത്യപരമായി നല്‍കിയ മറുപടിയാണ് എന്റെ വിജയം. ആ ജനവിധിക്ക് മേല്‍ കരിനിഴല്‍ വീഴ്ത്താന്‍ നോക്കിയ വര്‍ഗീയ കോമാളികളുടെ മുഖംമൂടി അഴിച്ചുമാറ്റാന്‍ ഈ അന്വേഷണത്തിലൂടെ സാധിക്കുമെന്ന് പ്രത്യാശിക്കുന്നു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി നാടിനെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതൊരു പാഠമായിരിക്കണം- ഷാഫി പറമ്പില്‍ എംപി പ്രസ്താവനയില്‍ പറഞ്ഞു.
















