വടകര: നിക്ഷേപത്തുക തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് വയോധികന്‍ തീ കൊളുത്തി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡിവൈഎസ്പി
ടി.മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസില്‍ പരിശോധന നടത്തി. ഒട്ടേറെ രേഖകള്‍ സംഘം പിടിച്ചെടുത്തു. ഓഫീസ് ലഡ്ജര്‍, കാഷ്ബുക്ക്, വര്‍ക്ക് രജിസ്റ്റര്‍, വൗച്ചര്‍, സ്ഥിരനിക്ഷേപ ബോണ്ടുകള്‍, കരാര്‍ സംബന്ധമായ രേഖകള്‍, ചെക്ക് ഇഷ്യൂ രജിസ്റ്റര്‍ എന്നിവ സംഘം പിടിച്ചെടുത്തു. എടോടിയില്‍ മുനിസിപ്പല്‍ പാര്‍ക്കിനു സമീപം പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഓഫീസില്‍ ഉച്ചയോടെയാണ് ക്രൈംബ്രാഞ്ച് എത്തിയത്. തിരുവളളൂര്‍ സ്വദേശി ഇബ്രാഹിം ഹാജി തീകൊളുത്തി മരിച്ചതിനു പിന്നാലെ സൊസൈറ്റി ഓഫീസ് അടഞ്ഞുകിടക്കുകയാണ്. അന്വേഷണ സംഘം തന്നെ ഓഫീസ് തുറന്നു പരിശോധിക്കുകയായിരുന്നു. രേഖകള്‍ പിടിച്ചെടുത്ത ശേഷം ഓഫീസ് ക്രൈംബ്രാഞ്ച് പൂട്ടി സീല്‍ ചെയ്തു. സൊസൈറ്റിയുമായി ബന്ധപ്പെട്ട് മൂന്നു കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതെന്ന് ഡിവൈഎസ്പി ടി.മനോഹരന്‍ പറഞ്ഞു. സൊസൈറ്റിയില്‍ 2.16 കോടിയുടെ ക്രമക്കേട് നടന്നതായി സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിംഗില്‍ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് സഹകരണ സംഘം അധികൃതരുടെ പരാതിയിലാണ് ഒരു കേസ്. പണം തിരികെ കിട്ടാത്തത് സംബന്ധിച്ച് ഇബ്രാഹിം ഹാജിയുടെ പരാതി പ്രകാരമെടുത്ത കേസാണ് മറ്റൊന്ന്. ഇബ്രാഹിം ഹാജിയുടെ മരണവുമായി ബന്ധപ്പെട്ട കേസാണ് മൂന്നാമത്തേത്. ഇവ സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച് എന്ന് ഡിവൈഎസ്പി പറഞ്ഞു.















