
തൃശൂര്‍: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഒഴിവാക്കി ആഘോഷങ്ങളുടെ പകിട്ട് കുറച്ചെങ്കിലും ദുഃഖം ഉള്ളിലൊതുക്കി പുരുഷാരം
പൂരനഗരിയിലേക്ക്. ഇന്നലെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട തുറന്ന് ഗജവീരന്‍ എറണാകുളം ശിവകുമാര്‍ നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി പുറത്തേക്ക് എഴുന്നള്ളിയതോടെ കൊടിയേറിയ ആവേശം ഇന്ന് അതിന്റെ ഉച്ചിയിലാണ്.
പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും 8 ഘടകക്ഷേത്രങ്ങളില്‍ നിന്നുള്ള ഭഗവതി ശാസ്താമാരും രാവിലെ മുതല്‍ വടക്കുന്നാഥനെ വണങ്ങാനെത്തി. മേളം കണ്ടു ആസ്വദിക്കാനായി പൂരപ്രേമികള്‍തെക്കേ മഠത്തിനു മുന്നിലെ പന്തലിനു ചുറ്റിലുമായി സ്ഥലം പിടിച്ചു. 11 മണിയോടെ മഠത്തില്‍വരവ് തുടങ്ങും. പഞ്ചവാദ്യം പലതു
കേട്ടിട്ടുണ്ടെങ്കിലും മഠത്തില്‍വരവ് പഞ്ചവാദ്യത്തിന് ഇത്തിരി മധുരം കൂടുമെന്ന് അത് കേട്ടവര്‍ക്കറിയാം.
മുണ്ടത്തിക്കോട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഇത്തവണ ആഘോഷങ്ങളില്ലാതെയാണ് പൂരം. വെടിക്കെട്ട് ഒഴിവാക്കി ചടങ്ങള്‍ മാത്രമായി പൂരം പരിമിതപ്പെടുത്തി. കുടമാറ്റ ചടങ്ങുകൾ ഒരു മണിക്കൂർ ഉണ്ടായിരുന്നത് 15 മിനിറ്റിൽ പൂർത്തിയാവും. പരമാവധി 15 സെറ്റ് കുടകൾ മാത്രമേ മാറുകയുള്ളൂ. സാധാരണ ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള കുടുമാറ്റമാണ് നടത്തുക. അമ്പത്തിയഞ്ച് സെറ്റ് കുടകള്‍ ഇരുദേവസ്വങ്ങളും ഈ സമയം കൊണ്ട് മാറുമായിരുന്നു. അതാണ് പത്ത് സെറ്റു കുടകളായി പരിമിതപ്പെടുത്തിയത്. പൂരത്തിന്‍റെ മറ്റ് ചടങ്ങുകള്‍ മാറ്റമില്ലാതെ തുടരും.
















