
തൃശൂര്‍: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ടില്ലാതെ തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. ഉന്നതതല യോഗത്തിലാണ് വെടിക്കെട്ടില്ലാതെ പൂരം
നടത്താമെന്ന് തീരുമാനിച്ചത്. കുടമാറ്റവും എഴുന്നള്ളിപ്പും മേളവും അടക്കമുള്ള മറ്റു ആചാരങ്ങളില്‍ മാറ്റം ഉണ്ടാവില്ല. കുടമാറ്റം നടത്തിയേ മതിയാകൂ എന്ന് ദേവസ്വങ്ങളുടെ തീരുമാനത്തെ യോഗം അംഗീകരിക്കുകയായിരുന്നു. കുടമാറ്റവും വെടിക്കെട്ടും ഒഴിവാക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദേശം വെച്ചിരുന്നു. കുടമാറ്റം ഒഴിവാക്കാന്‍ ആകില്ലെന്ന് ദേവസ്വങ്ങള്‍ നിലപാടെടുക്കുകയായിരുന്നു. പൂരത്തിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്നും ദേവസ്വങ്ങള്‍ യോഗത്തില്‍ അറിയിച്ചു. അവസാന നിമിഷം
പിന്‍മാറുന്നത് പ്രായോഗികമല്ലെന്നും ദേവസ്വങ്ങള്‍ വ്യക്തമാക്കി.
മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പിള്‍ വെടിക്കെട്ടും മെയിന്‍ വെടിക്കെട്ടും ഉപചാരം ചൊല്ലി പിരിഞ്ഞ ശേഷമുള്ള വെടിക്കെട്ടും പകല്‍ വെടിക്കെട്ടും ഒഴിവാക്കാനാണ് യോഗം തീരുമാനിച്ചത്. വെടിക്കെട്ടിന് പകരം ആചാരത്തിന്റെ ഭാഗമായി കതിന മാത്രമേ പൊട്ടിക്കൂ. എന്നാല്‍ ആനകളുടെ എണ്ണം കുറയ്ക്കില്ല. 15 ആനകളെ തന്നെയാണ് എഴുന്നള്ളിക്കുക. ക്ഷേത്ര ഭാരവാഹികള്‍ അടക്കമുള്ളവരുടെ അഭിപ്രായം തേടിയ ശേഷമാണ് മന്ത്രിമാര്‍ അടക്കം പങ്കെടുത്ത ഉന്നതതല യോഗം അന്തിമ തീരുമാനമെടുത്തത്.
















