തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് കണക്ക് പുറത്തുവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു.ഖേല്‍ക്കര്‍. ഇവിഎം
കണക്കിനൊപ്പം തപാല്‍ വോട്ട് കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഏകദേശം 79.63 ശതമാനം പോളിംഗ് നടന്നെന്നും അന്തിമ കണക്കില്‍ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍വീസ് വോട്ടുകളുടെ കണക്ക് ഇനി വരാനുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. അന്തിമ കണക്ക് പ്രസിദ്ധീകരിക്കാന്‍ വൈകിയിട്ടില്ല. കൃത്യമായ കണക്ക് ലഭിക്കാന്‍ സമയം ആവശ്യമാണ്. മൂന്ന് ദിവസം മാത്രമാണ് അതിനായി എടുത്തത്. ഒരു ആശയക്കുഴപ്പവുമില്ല. പ്രവര്‍ത്തനം സുതാര്യമാണ്. ബൂത്തുകളില്‍ പോള്‍ ചെയ്യപ്പെട്ടത്
ആകെയുള്ള 2,71,42,953 വോട്ടിന്റെ 78.27 ശതമാനം ആയിരുന്നു. അതിനൊപ്പം മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, അവശ്യസര്‍വീസുകാര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള 3,68,193 വോട്ടുകള്‍ കൂടി ചേരുമ്പോഴാണ് ആകെ ശതമാനം 79.63 ആയത്. 53984 സര്‍വീസ് വോട്ടര്‍മാരുടെ കണക്ക് ഇനി വരാനുണ്ട്. അത് ഇന്‍ഡക്‌സ് കാര്‍ഡിലാണ് വരുന്നത് അദ്ദേഹം പറഞ്ഞു.















