
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍. ഡിജിറ്റല്‍ തെളിവുകള്‍
ലഭിച്ച ശേഷം രഞ്ജിത്തിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് നീക്കം. രഞ്ജിത്തിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേശ്വർ പറഞ്ഞു. അതിക്രമത്തിന് ശേഷം യുവനടിയെ രഞ്ജിത്ത് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായി കൊച്ചി ഡിസിപി അശ്വതി ജിജി മാധ്യമങ്ങളോട് വ്യക്തമാക്കി.
രഞ്ജിത്തും യുവനടിയും കാരവാനിലേക്ക് എത്തിയതിന്‍റെ മൊഴികളുണ്ട് എന്നാണ് ഡിസിപി വ്യക്തമാക്കുന്നത്. സെറ്റിലെ ചിലര്‍ക്ക് കാര്യങ്ങള്‍ അറിയാമായിരുന്നു. അവരില്‍ നിന്നും വിവരങ്ങള്‍ തേടും. ചിലരെ ചോദ്യം ചെയ്തു കഴിഞ്ഞു. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍
സഹായിച്ച നടന്‍ ബോബി കുര്യന്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍ ശാലിനി എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യും.
സംഭവത്തിന് പിന്നാലെ നടി സെറ്റില്‍ നിന്നും പോയിരുന്നു. ഇതിന് പിന്നാലെ രഞ്ജിത്ത് നടിയെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ നടി ഫോണ്‍ എടുത്തില്ല. സെറ്റിലേക്ക് നടിയെ തിരിച്ചു വിളിക്കാനാകാം ഫോണ്‍ ചെയ്തത് എന്നാണ് ഡിസിപി പറയുന്നത്. പരാതി നല്‍കാന്‍
വൈകിയതില്‍ അസ്വാഭാവികതയുണ്ടെന്ന് രഞ്ജിത്തിന്‍റെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
എന്നാല്‍ ഇതില്‍ യാതൊരു വിധ അസ്വാഭാവികതയും ഇല്ലെന്നും പോലീസ് പറഞ്ഞു. പ്രശസ്തിക്ക് വേണ്ടി സോഷ്യല്‍ മീഡിയയിലൂടെ അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായി നടപടി എടുക്കുമെന്നും പോലീസ് വ്യക്തമാക്കി. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ ഒരു യൂട്യൂബര്‍ക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജിനൂസ് 2.0 എന്ന യൂട്യൂബറാണ് അറസ്റ്റിലായത്.
















