
തൃശ്ശൂര്‍: മണലൂര്‍ നിയോജകമണ്ഡലത്തിലെ വാടാനപ്പള്ളിയില്‍ കിറ്റ് വിവാദത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. തളിക്കുളത്തെ
സ്വകാര്യവ്യക്തിയുടെ വീടിനോട് ചേര്‍ന്ന ചാമ്പ്യന്‍സ് ട്രേഡേഴ്സ് വാടാനപ്പള്ളി എന്ന സ്വകാര്യ ഗോഡൗണിലാണ് വോട്ടിനുവേണ്ടി കിറ്റ് തയ്യാറാക്കിയെന്ന ആരോപണം ഉയര്‍ന്നത്. ഗോഡൗണിന് പുറത്ത് വിവിധ സംഘടനകളുടെ രാഷ്ട്രീയ നേതാക്കള്‍ സംഘര്‍ഷ സാഹചര്യം സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി.എന്‍.പ്രതാപനുള്‍പ്പെടെയുള്ള നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. കിറ്റ് വിതരണം ചെയ്തുവെന്ന പരാതയില്‍ ചാമ്പ്യന്‍ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമയെ പോലീസ്
കസ്റ്റഡിയിലെടുത്തു. ചാമ്പ്യന്‍ ട്രേഡേഴ്സ് ഉടമ പ്രവീണിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്ത ബി.ജെ.പി പ്രവര്‍ത്തകനും കസ്റ്റഡിയിലാണ്. വാടാനപ്പള്ളി സ്വദേശി സുധീസാണ് കസ്റ്റഡിയിലുള്ളത്. പ്രദേശത്ത് കേന്ദ്രസേന എത്തി. വ്യാപാരിയുടെ വീട്ടിലെത്തിയ നടന്‍ ദേവനടക്കം ബിജെപി നേതാക്കളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു.
4000 കിറ്റുകള്‍ തയാറാക്കിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. 12,000 കിറ്റുകള്‍ക്കുള്ള തയ്യാറെടുപ്പാണ് സ്ഥലത്ത് നടന്നിരുന്നതെന്നും അതില്‍ 4000 കിറ്റുകള്‍ കൊണ്ടുപോകാനുള്ള നാലു വണ്ടികളാണ് പുറത്തു കിടക്കുന്നതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. പെരുമാറ്റച്ചട്ടം ലംഘിച്ച് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിനെതിരെ സ്റ്റേറ്റ് ഇലക്ഷന്‍
ഓഫീസര്‍ക്കും മണലൂര്‍ റിട്ടേണിങ് ഓഫീസര്‍ക്കും യുഡിഎഫിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് പരാതി നല്‍കി.
കഴിഞ്ഞദിവസം ഒളരിയില്‍ വോര്‍ട്ടര്‍മാര്‍ക്ക് ബിജെപി ഭക്ഷ്യകിറ്റ് വിതരണം ചെയ്‌തെന്ന പരാതിയില്‍ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് കേസെടുത്തു. ഏകദേശം 900 രൂപ വിലയുള്ള 26 കിറ്റുകളായിരുന്നു ‘കാര്‍ത്തിക’ സൂപ്പര്‍മാര്‍ക്കറ്റ് വഴി വിതരണം ചെയ്തത്. സൂപ്പര്‍മാര്‍ക്കറ്റില്‍ കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്ത രാധാകൃഷ്ണന്‍ എന്നയാളെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെയാണ് ചുമത്തിയിരിക്കുന്നത്. വോട്ടിന് കിറ്റ് നല്‍കിയെന്നാരോപിച്ച് എല്‍ഡിഎഫ് ആയിരുന്നു പരാതി നല്‍കിയത്. ശിവരാമപുരം നഗറിലെ താമസക്കാര്‍ക്കാണ് സൂപ്പര്‍മാര്‍ക്കറ്റ് വഴി കിറ്റുകള്‍ വിതരണം ചെയ്തത്.
















